ഗുവാഹത്തി: അസമിൽ നടപ്പാക്കാനൊരുങ്ങുന്ന പശു സംരക്ഷണ ബില്ലിനെ ന്യായീകരിച്ച് ബി.ജെ.പി എം.എൽ.എയും മുതിർന്ന നേതാവുമായ മൃണാൾ സൈകിയ. പശുസംരക്ഷണം വർഗീയവൽക്കരിക്കരുതെന്നും പാലിനേക്കാൾ ഉപയോഗപ്രദം ചാണകവും ഗോമൂത്രവുമാണെന്നും മൃണാൾ സൈകിയ നിയമസഭയിൽ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
''പശു സംരക്ഷണം വരുേമ്പാഴെല്ലാം ആളുകൾ വർഗീയ വൽക്കരിക്കുകയാണ്. ഗോമാതാവ് നമ്മുടെ സംസ്കാരവും വിശ്വാസവുമാണ്. പശുക്കൾ നമ്മളവർക്ക് നൽകുന്നതിനേക്കാൾ തിരികെ നൽകുന്നു. നമുക്ക് പശുക്കളെ വേണം. പാലിനേക്കാൾ ഉപയോഗമുള്ളതാണ് ഗോമൂത്രവും ചാണകവും. പതജ്ഞലി 100മില്ലി ഗോമൂത്രത്തിന് 45 രൂപയാണ് ഈടാക്കുന്നത്. അതേസമയം പാലിന് 50 രൂപയാണുള്ളത്. ഇതിനിൽ നിന്നും നമ്മൾ ഗോമൂത്രത്തിെൻറ വില മനസ്സിലാക്കണം.''
''നമുക്ക് പശുവുമായി മതപരമായ ബന്ധമുണ്ട്. ഹിന്ദുഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ കന്നുകാലികളെ കശാപ്പ് ചെയ്യരുത്. എല്ലാവരും ഇടകലർന്നു ജീവിക്കുന്ന സ്ഥലങ്ങളിൽ ബീഫ് വിൽക്കരുത്. ഇതെല്ലാം ഉൾകൊള്ളുന്ന നിയമമാണ് നടപ്പാക്കാൻ പോകുന്നത്'' -മൃണാൾ സൈകിയ പറഞ്ഞു.
പശുസംരക്ഷണ ബില്ലിനെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയും രംഗത്തെത്തിയിരുന്നു. ''പശു അമ്മയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ബംഗാളിൽ നിന്നും കന്നുകാലികൾ വരുന്നത് തടയലാണ് ഞങ്ങളുടെ ആവശ്യം. പശു ആരാധിക്കപ്പെടുന്ന ഇടങ്ങളിൽ ബീഫ് കഴിക്കരുത്. ആളുകൾ മൊത്തത്തിൽ അവരുടെ സ്വാഭാവിക ശീലങ്ങൾ ഉപേക്ഷിക്കണമെന്നല്ല ഞാൻ പറയുന്നത്. ഫാൻസി ബസാറിലും ശാന്തിപൂരിലും ഗാന്ധിബസ്തിയിലും മദീന ഹോട്ടലിൻറ ആവശ്യമില്ല''. -അസം മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം വിഷയത്തിൽ പ്രതിഷേധവുമായി എ.ഐ.യു.ഡി.എഫ് രംഗത്തെത്തി. ഉത്തരേന്ത്യയിലെപ്പോലെ ആൾകൂട്ടക്കൊലക്ക് വഴിതുറക്കുന്നതാണ് ബില്ലെന്ന് എ.ഐ.യു.ഡി.എഫ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.