ബംഗളൂരു: മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ബി.ജെ.പി നേതാവും എം.എൽ.സിയുമായ ആർ. ശങ്കറിന്റെ ഗോഡൗണിൽ വാണിജ്യനികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടികൂടിയത് സാരികളുടെയും ബാഗുകളുടെയും വൻശേഖരം. വോട്ടർമാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാനാണ് ഇവ ശേഖരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹാവേരി ജില്ല ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് വാണിജ്യ നികുതി ഉദ്യോഗസ്ഥർ ശേഖറിന്റെ വീടിനോട് ചേർന്ന ഗോഡൗണിൽ ബുധനാഴ്ച റെയ്ഡ് നടത്തിയത്. 5000 സാരികളും ബാഗുകളുമാണ് പിടിച്ചെടുത്തതെന്ന് ഹാവേരി ഡെപ്യൂട്ടി കമീഷണർ രഘുനന്ദൻ മൂർത്തി പറഞ്ഞു. തഹസിൽദാർ ഗോഡൗൺപൂട്ടി സീൽ വെക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് എം.എൽ.സിക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, തന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നീക്കമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് തന്നില്ലെങ്കിൽ താൻ ബി.ജെ.പി വിടുമെന്നും ശങ്കർ പറഞ്ഞു. 2018ലെ തെരഞ്ഞെടുപ്പിൽ ഹാവേരി ജില്ലയിലെ രാനെബെന്നൂർ മണ്ഡലത്തിൽനിന്ന് കർണാടക പ്രഗ്ന്യാവന്ദര ജനത പാർട്ടി ടിക്കറ്റിലാണ് ശങ്കർ എം.എൽ.സിയായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യസർക്കാറിന് പിന്തുണ പിൻവലിച്ച് ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്ന 17 നിയമസഭ സാമാജികരിൽ ഉൾപ്പെട്ടയാളാണ് ശങ്കർ. 2021 ജനുവരി മുതൽ ആറുമാസം ഹോർട്ടികൾച്ചർ ആൻഡ് സെറികൾച്ചർ വകുപ്പ് മന്ത്രിയുമായിരുന്നു.
അഴിമതി കേസിൽ ഈയടുത്താണ് ബി.ജെ.പി എം.എൽ.എ മദാൽ വിരുപക്ഷപ്പക്കെതിരെ ലോകായുക്ത കേസെടുത്തത്. തുടർന്ന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
കർണാടക സോപ്സ് ആൻഡ് ഡിറ്റർജൻറ്സ് ലിമിറ്റഡിലെ (കെ.എസ്.ഡി.എൽ) ചെയർമാനായിരുന്ന വിരുപക്ഷപ്പ അസംസ്കൃതവസ്തുക്കളുടെ കരാറിന് കൈക്കൂലി വാങ്ങിയതായാണ് ലോകായുക്തയുടെ കണ്ടെത്തൽ. വിരുപക്ഷപ്പക്കുവേണ്ടി മകൻ പ്രശാന്ത് മദാൽ 40 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെ ലോകായുക്ത പൊലീസ് കൈയോടെ പിടികൂടിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് ബി.ഡബ്ല്യു.എസ്.എസ്.ബി ചീഫ് അക്കൗണ്ടന്റ് കൂടിയായ പ്രശാന്ത് മദാൽ. ഇയാളെ മാർച്ച് രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. 8.02 കോടി രൂപയാണ് എം.എൽ.എയുടെ മകന്റെ ഓഫിസിൽനിന്നും വീട്ടിൽനിന്നുമായി ലോകായുക്ത സംഘം പിടിച്ചെടുത്തത്. എം.എൽ.എയുടെ ദാവൻകരെയിലെ വീട്ടിലും ഫാം ഹൗസിലും നടത്തിയ റെയ്ഡിൽ 16.5 ലക്ഷം രൂപയും രണ്ടുകിലോയിലേറെ സ്വർണവും 26 കിലോ വെള്ളിയും കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.