രാഹുലിനും ജോഡോ യാത്രക്കുമെതിരെ പരിഹാസ വിഡിയോയുമായി ബി.ജെ.പി; 25 പൈസയേക്കാളും വില കുറഞ്ഞതെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന ജനപിന്തുണയെ പ്രതിരോധിക്കാൻ വില കുറഞ്ഞ ട്രോളുകളും പരിഹാസ വിഡിയോയുമായി ബി.ജെ.പി രംഗത്ത്. ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് രാഹുലിനെ പരിഹസിക്കുന്ന വിഡിയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെ നിരവധി ബി.ജെ.പി നേതാക്കളും വക്താക്കളും പരിഹാസ വിഡിയോ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തു.

രാഹുലിനെയും ജോഡോ യാത്രയും പരിഹസിക്കുന്ന വിഡിയോയിൽ ഗോവയിലെ നേതാക്കളുടെ പലായനം, ഗുലാം നബി ആസാദ്, രാജസ്ഥാനിലെ പാർട്ടിയിലെ കലാപം, ജമ്മു കശ്മീരിലെ നേതാക്കളുടെ രാജി എന്നീ കോൺഗ്രസ് നേരിട്ട സമീപകാല പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്നു.

രാഹുലിനെ കൂടാതെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'അമ്മേ, എന്തുകൊണ്ട് മോശം സമയങ്ങൾ അവസാനിക്കുന്നില്ല? ഖതം... ടാറ്റ... വിട' എന്നിങ്ങനെ പറഞ്ഞാണ് ബി.ജെ.പിയുടെ പരിഹാസ വിഡിയോ അവസാനിക്കുന്നത്.

രാഹുലിനെയും സോണിയയെയും ജോഡോ യാത്രയെയും പരിഹസിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബി.ജെ.പി മുഴുവൻ 'വിലകുറഞ്ഞ ട്രോളാ'യി മാറിയെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥ് പ്രതികരിച്ചു.

ഭാരത് ജോഡോ യാത്ര ബി.ജെ.പിയെ ഭയപ്പെടുത്തുന്നു. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും പരിഹാരം കണ്ടെത്താൻ ശ്രമിച്ചാൽ ഭയം നല്ലതാണെന്നും സുപ്രീയ ചൂണ്ടിക്കാട്ടി. ബി.ജെ.പി ട്രോൾ വില കുറഞ്ഞതാണെന്ന് കാണിക്കാൻ 25 പൈസയുടെ ചിത്രവും ട്വീറ്റിനൊപ്പം സുപ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രക്ക് തുടക്കം കുറിച്ചതിന് പിന്നാലെ പ്രസ്താവനകളിലൂടെയും നേതാക്കളുടെ പ്രതികരണങ്ങളിലൂടെയും കോൺഗ്രസിനെ ബി.ജെ.പി കടന്നാക്രമിക്കുകയാണ്. നിരവധി നേതാക്കൾ പാർട്ടി വിടുന്ന സാഹചര്യത്തിൽ യാത്ര എന്തിനെന്ന ചോദ്യമാണ് ബി.ജെ.പി ഉയർത്തുന്നത്. അതേസമയം, യാത്രയുടെ വിജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

ആയിരം കിലോമീറ്റർ പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്ര തമിഴ്നാടും കേരളവും കർണാടകയും കടന്ന് ആന്ധ്രപ്രദേശിലാണ് ഇപ്പോൾ പര്യടനം നടത്തുന്നത്. ജനങ്ങളുടെ സംവദിച്ചും അവരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞും കടന്നു പോകുന്ന രാഹുലിനും പദയാത്രക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Tags:    
News Summary - BJP mocks Rahul Gandhi with 'Khatam, tata' video; 'Chavanni-chhap troll': Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.