ബംഗളൂരു: കർണാടകയിലെ മഹർഷി വാൽമീകി പട്ടിക വർഗ വികസന കോർപറേഷൻ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി എം.പി ശോഭ കരന്തലജെ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ശോഭ കരന്തലജെ കത്ത് നൽകി. അഴിമതിക്കാരെ കുറിച്ചുള്ള കോർപറേഷൻ സൂപ്രണ്ടന്‍റ് ചന്ദ്രശേഖരന്‍റെ ആത്മഹത്യ കുറിപ്പിൽ പരാമർശവും ശോഭ കരന്തലജെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, വാൽമീകി വികസന കോർപറേഷൻ സൂപ്രണ്ടന്‍റ് ചന്ദ്രശേഖരന്‍റെ ആത്മഹത്യയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കർണാടക ബി.ജെ.പി രംഗത്തെത്തിയിരുന്നു. സിറ്റിങ് ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ശോഭ കരന്തലജെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകിയത്.
ചന്ദ്രശേഖരന്‍റെ ആറുപേജുള്ള ആത്മഹത്യ കുറിപ്പിൽ കോർപറേഷനിൽ നടന്ന അഴിമതിയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പേരു സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. ആത്മഹത്യ കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ വിനോബനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കർണാടക പൊലീസിന്‍റെ സി.ഐ.ഡി വിഭാഗം ചന്ദ്രശേഖരന്‍റെ വസതിയിൽ പരിശോധന നടത്തിയിരുന്നു. ചന്ദ്രശേഖരന്‍റെ പെൻഡ്രൈവ്, ലാപ്ടോപ് അടക്കമുള്ള ബാഗ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.