ന്യൂഡൽഹി: പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി 78 എം.പിമാരെയാണ് തിങ്കളാഴ്ച കൂട്ടമായി സസ്പെൻഡ് ചെയ്തത്. ലോക്സഭ സുരക്ഷ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി എം.പിമാർ സഭക്കകത്ത് പ്രതിഷേധിച്ചതോടെയാണ് നടപടിയുണ്ടായത്. എന്നാൽ, പ്രതിപക്ഷ എം.പിമാർക്കെതിരായ നടപടിയിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇൻഡ്യ മുന്നണി തീരുമാനം.
പാർലമെൻറിൽ അതിക്രമിച്ച് കയറാൻ അവസരം നൽകിയ ബി.ജെ.പി നേതാവ് ഇപ്പോഴും എം.പിയായി തുടരുകയും സംഭവത്തിൽ ആഭ്യന്തരമന്ത്രി സഭയിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട 92 ഇൻഡ്യ മുന്നണി അംഗങ്ങൾക്ക് സസ്െപൻഷൻ നൽകുകയും ചെയ്തത് വിരോധഭാസമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായിട്ടും ആഭ്യന്തരമന്ത്രി പാർലമെന്റിൽ ഹാജരായി മറുപടി പറയാൻ തയാറായില്ലെന്നും നരേന്ദ്ര മോദി സർക്കാർ ജനാധിപത്യ മൂല്യങ്ങളെ ചവറ്റുകുട്ടയിലെറിയുകയാണെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും കുറ്റപ്പെടുത്തി. ഇത്രയധികം എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടി ദു:ഖകരവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് കോൺഗ്രസ് എം.പിമാരടക്കം 13 എം.പിമാരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയായിരുന്നു 78 എം.പിമാരെ കൂടി സസ്പെൻഡ് ചെയ്തത്. രാജ്യഭയിൽ നിന്ന് 35 പേർക്കാണ് സസ്പെൻഷൻ.സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പാർലമെന്റിൽ അതിന്റെ പേരിൽ ചർച്ച ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. എന്നാൽ അക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിശദീകരണം നൽകാതെ മോദി ഒളിച്ചോടുകയാണ് എന്നായിരുന്നു പ്രതിപക്ഷ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.