ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ വാഗ്ദാനവുമായി ബി.ജെ.പിയെത്തിയെന്ന് കെജ്രിവാൾ

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്ന് ആംആദ്മി പിൻമാറുകയാണെങ്കിൽ ഡൽഹി മന്ത്രിമാരായ സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് കെജ്രിവാൾ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തുകയാണെങ്കിൽ, കെജ്രിവാളിനെ പൂട്ടി എന്നല്ല അതിനർഥം, ബി.ജെ.പി ഭയപ്പെടുന്നുവെന്നാണ്. രണ്ടിടത്തും ജയിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യില്ല. യാഥാർഥ്യം എന്തെന്നാൽ, ഡൽഹിയിലും ഗുജറാത്തിലും തോറ്റുപോകുമെന്ന് ബി.ജെ.പി ഭയക്കുന്നുണ്ട്. അതിനാലാണ് രണ്ട് തെരഞ്ഞെടുപ്പും ഒരസേമയം നടത്താൻ അവർ ശ്രമിക്കുന്നത് - കെജ്രിവാൾ പറഞ്ഞു.

'ആപ്പിൽ നിന്ന് രാജിവെച്ചാൽ ഡൽഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മനീഷ് സിസോദിയ തള്ളിയതോടെ അവർ എന്നെ സമീപിച്ചിരിക്കുകയാണ്. ഗുജറാത്തിൽ നിന്ന് പിൻമാറുകയാണെങ്കിൽ സത്യേന്ദർ ജെയിനിനെയും മനീഷ് സിസോദിയയെയും കേസുകളിൽ നിന്ന് ഒഴിവാക്കി അവരുടെ ​പേരിലുള്ള എല്ലാ കുറ്റങ്ങളും റദ്ദാക്കാം എന്നാണ് വാഗ്ദാനം' -കെജ്രിവാൾ പറഞ്ഞു.

ആരാണ് വാഗ്ദാനം നൽകിയതെന്ന് ചോദിച്ചപ്പോൾ, എന്റെ തന്നെ ആളുകളുടെ പേര് എങ്ങനെയാണ് ഞാൻ പറയുക എന്നദ്ദേഹം ചോദിച്ചു. വാഗ്ദാനം അവരിലൂടെയാണ് എന്റെയടുത്ത് എത്തിയത്. ബി.ജെ.പി നേരിട്ട് സമീപിക്കില്ല. അവർ ഒരാളിൽ നിന്ന് ഒരാളിലേക്ക് സന്ദേശം കൈമാറുകയും ഒടുവിൽ നിങ്ങളോട് ഏറ്റവും അടുപ്പമുള്ളവരിലേക്കും അതുവഴി നിങ്ങളിലേക്കും എത്തിക്കുകയാണ് ചെയ്യുക -കെജ്രിവാൾ കൂട്ടിച്ചേർത്തു. 

Tags:    
News Summary - BJP Offered Me Deal To Pull Out Of Gujarat": Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.