മുംബൈ: ബി.ജെ.പിക്ക് മറ്റു പാർട്ടികളെ ഭിന്നിപ്പിച്ച് തങ്ങളിലേക്ക് ലയിപ്പിക്കാൻ മാത്രമേ അറിയൂവെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. അഴിമതിക്കാരെന്ന് ബി.ജെ.പി തന്നെ മുദ്രകുത്തിയ പലരും പാർട്ടിയിൽ ചേരുന്നതോടെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി നേതാക്കൾ ബി.ജെ.പിയുമായി സഖ്യം ചേർന്ന ശേഷം ശരദ് പവാർ നടത്തുന്ന പോരാട്ടം പ്രശംസനീയമാണെന്നും റാവത്ത് പറഞ്ഞു.
"ഇത് ബി.ജെ.പിയുടെ ഗൂഢാലോചനയാണ്. അവർ മറ്റ് പാർട്ടികളെ ഭിന്നിപ്പിച്ച് തങ്ങൾക്കൊപ്പം ചേർക്കാനാണ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിൽ നിങ്ങൾക്കിത് കാണാനാകും. ഏറ്റവും വലിയ അഴിമതിക്കാരായ പലരും ബി.ജെ.പിയിൽ ചേർന്നതോടെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുകയാണ്" - റാവത്ത് പറഞ്ഞു.
എൻ.സി.പി നേതാവ് അജിത് പവാറും എം.എൽ.എമാരും ഷിൻഡെ സയിക്കുന്ന ശിവസേന-ബി.ജെ.പി സഖ്യസർക്കാരിന്‍റെ ഭാഗമായതോടെ ഷിൻഡെ നയിക്കുന്ന ശിവസേന വിഭാഗത്തിലെ പതിനെട്ടോളം എം.എൽ.എമാർ താക്കറെ വിഭാഗവുമായി ബന്ധപ്പെട്ടിരുന്നുവെന്നും റാവത്ത് പറഞ്ഞു. ബി.ജെ.പിയിലെത്തിയ എൻ.സി.പി നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകിയതോടെ ഏക്നാഥ് ഷിൻഡെയുടെ ശിവസേന എം.എൽ.എമാർ കലാപം തുടങ്ങിയെന്ന് ശിവസേന യു.ബി.ടി നേതാവും ലോക്സഭ എം.പിയുമായ വിനാ.ക് റാവത്ത് കൂട്ടിച്ചേർത്തു.
അതേസമയം മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എമാരിൽ പലരും അസംതൃപ്തരാണെന്നും ഭയം കാരണമാണ് തുറന്ന് പറയാത്തതെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ പറഞ്ഞിരുന്നു. താൻ രണ്ട് മാസത്തേക്ക് രാഷ്ട്രീയത്തിൽ നിന്നും അവധിയെടുക്കുകയാണെന്നും മുണ്ടെ വ്യക്തമാക്കി. കാലങ്ങളായി എൻ.സി.പിക്ക് എതിരെ പ്രവർത്തിച്ചവരാണ് ബി.ജെ.പിയെന്നും പെട്ടെന്നുള്ള ലയനം അംഗീകരിക്കാൻ പ്രവർത്തകർക്ക് സമയമെടുത്തേക്കാമെന്നുമായിരുന്നു ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.