രാജ്യസഭ നേട്ടത്തിനിടയിലും ബി.ജെ.പിക്ക് പിരിമുറുക്കം

ന്യൂഡൽഹി: രാജസ്ഥാനിൽ പാളിയെങ്കിലും രാജ്യസഭ തെരഞ്ഞെടുപ്പ് പൊതുവെ നേട്ടമായതിന്റെ ആത്മവിശ്വാസത്തോടെ ബി.ജെ.പി രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക്. അതേസമയം, 10.86 ലക്ഷം വരുന്ന വോട്ട് മൂല്യത്തിൽ പകുതിയിൽതാഴെ മാത്രമാണ് (48 ശതമാനം) ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും കൂടിയുള്ളത്. ഇത് ഭരണപക്ഷത്ത് പിരിമുറുക്കം ബാക്കിയാക്കി.

സഖ്യകക്ഷിയായ ജനതദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ മറുകണ്ടം ചാടുമോ എന്ന സംശയം തള്ളിക്കളയാതെ നവീൻ പട്നായിക്കിന്റെ ബി.ജെ.ഡി, ജഗൻമോഹൻ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ചരടുവലികൾ മുറുക്കിയിരിക്കുകയാണ് ബി.ജെ.പി. 57 സീറ്റുകളിലേക്ക് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ നേരത്തെയുണ്ടായിരുന്ന 25ൽ 22ഉം നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചു. ഒരു സ്വതന്ത്രനെ വിജയിപ്പിക്കുകയും ചെയ്തു. 20 സീറ്റിൽ മാത്രം ജയിക്കാനുള്ള അംഗബലമാണ് സംസ്ഥാന നിയമസഭകളിൽ ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. രാജസ്ഥാനിൽ ഒഴികെ, മത്സരം നടന്ന കർണാടകത്തിലും മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതിപക്ഷത്തിന്റെ കണക്ക് തെറ്റി. മുന്നൊരുക്കങ്ങളിൽ പ്രതിപക്ഷത്തിന് പിഴച്ചപ്പോൾ, അവരെ അമ്പരപ്പിക്കുന്നവിധം കൂറുമാറ്റം നടത്താൻ ബി.ജെ.പിക്ക് സാധിച്ചു.

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ കരുനീക്കത്തെ തോൽപിക്കാൻ ബി.ജെ.പിക്ക് സാധിച്ചില്ല. മാധ്യമപ്രമുഖനും 'സീ' ഉടമയുമായ സുഭാഷ് ചന്ദ്ര ബി.ജെ.പി പിന്തുണച്ചിട്ടും ജയിച്ചില്ല. ചെറുകക്ഷികളുടെ പിന്തുണ ഉറപ്പാക്കിയതിനൊപ്പം ബി.ജെ.പി എം.എൽ.എമാരിൽ ഒരാളുടെ വോട്ട് ഗെഹ്ലോട്ട് റാഞ്ചുകയും ചെയ്തു.

എന്നാൽ, മറ്റു മൂന്നിടത്തും ആ തന്ത്രം ലക്ഷ്യംകണ്ടു. മഹാരാഷ്ട്രയിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യത്തിന് തിരിച്ചടിയേറ്റു.

രാജസ്ഥാനിൽ ഒരു മാധ്യമപ്രമുഖനെ കോൺഗ്രസ് തോൽപിച്ചെങ്കിൽ, ഹരിയാനയിൽ മറ്റൊരാളെ ബി.ജെ.പി വിജയിപ്പിച്ചു. ഹരിയാനയിലെ ഗുസ്തിയിൽ മലർന്നടിച്ചത് എ.ഐ.സി.സി നേതാവ് അജയ് മാക്കനാണ്. ബി.ജെ.പി പിന്തുണച്ച സ്വതന്ത്രൻ കാർത്തികേയ ശർമക്കാണ് കോൺഗ്രസ് എം.എൽ.എ കുൽദീപ് ബിഷ്‍ണോയിയുടെ വോട്ട് കിട്ടിയത്. മറ്റൊരു എം.എൽ.എയുടെ വോട്ട് അസാധുവുമായി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പുനീക്കങ്ങൾക്ക് ചുക്കാൻപിടിച്ച മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹൂഡക്ക് ഇത് വലിയ ആഘാതമാണ്.

ബി.ജെ.പി നേടിയ അധികവിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട്മൂല്യ കണക്കിൽ നേരിയതെങ്കിലും, മാറ്റമുണ്ടാക്കി.

Tags:    
News Summary - BJP Rajyasabha victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.