രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റുകള്‍ നല്‍കിയ സംഭാവനയുടെ 76 ശതമാനവും ലഭിച്ചത് ബി.ജെ.പിക്ക്

ന്യൂഡല്‍ഹി: കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സംഭാവനയായി 2019-20 വര്‍ഷത്തില്‍ ബി.ജെ.പിക്ക് ലഭിച്ചത് 276.45 കോടി രൂപ. ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ച തുകയുടെ 76.17 ശതമാനമാണിത്. തെരഞ്ഞെടുപ്പ് നിരീക്ഷണം നടത്തുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) പുറത്തുവിട്ട കണക്കുകളിലാണ് വന്‍കിടക്കാരുടെ സംഭാവനകളില്‍ നാലില്‍ മൂന്നും ഭരണകക്ഷിക്കാണ് ലഭിച്ചതെന്ന് വ്യക്തമാക്കുന്നത്.

കോര്‍പറേറ്റ് കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനകള്‍ സുതാര്യമാക്കാനായി രൂപീകരിച്ച സംവിധാനമാണ് ഇലക്ടോറല്‍ ട്രസ്റ്റ്. ബി.ജെ.പിക്ക് 276.45 കോടി രൂപ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 58 കോടിയാണ് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടി(11.2 കോടി), സമാജ്വാദി പാര്‍ട്ടി(രണ്ട് കോടി), ജനതാദള്‍ യുനൈറ്റഡ്(1.25 കോടി) എന്നിങ്ങനെയാണ് മറ്റു മുന്‍നിര പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനത്തുക.

2017-18ല്‍ ബി.ജെ.പിക്ക് ലഭിച്ചത് 167.8 കോടിയായിരുന്നു. അതായത്, ആകെ സംഭാവനയുടെ 86.5 ശതമാനം. 2018-19ല്‍ ഇത് 100.25 കോടിയായിരുന്നു.

ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡാണ് 2019-20ല്‍ ഏറ്റവും കൂടുതല്‍ സംഭാവന ഇലക്ടറല്‍ ട്രസ്റ്റ് വഴി നല്‍കിയത് -39.1 കോടി രൂപ. അപ്പോളോ ടയേഴ്‌സ് 30 കോടിയും ഇന്ത്യബുള്‍സ് ഇന്‍ഫ്ര എസ്റ്റേറ്റും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും 25 കോടി വീതവും നല്‍കി.

പരമാവധി 20,000 രൂപ വരെയാണ് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് വെളിപ്പെടുത്താതെ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാന്‍ സാധിക്കുക. അതില്‍ കൂടുതലുള്ള സംഭാവനകള്‍ ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി സുതാര്യമായി നല്‍കണം. ട്രസ്റ്റുകള്‍ക്ക് ലഭിക്കുന്ന പണം ഏതൊക്കെ പാര്‍ട്ടികള്‍ക്ക് നല്‍കിയെന്നതും വ്യക്തമാക്കണം.

Tags:    
News Summary - BJP received over 76% of money donated by electoral trusts in 2019-’20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.