രാഹുൽ സിൻഹ                  കടപ്പാട്​: എ.എൻ.ഐ

'പാർട്ടി മാറി വന്നവർക്ക്​ വേണ്ടി തന്നെ ഒഴിവാക്കി'; അഴിച്ചുപണിയിൽ പൊട്ടിത്തെറിച്ച്​ ബി.ജെ.പി നേതാവ്​

കൊൽക്കത്ത: അഴിച്ചുപണിയിൽ ജനറൽ സെക്രട്ടറി സ്​ഥാനത്ത്​ നിന്ന്​ തഴയപ്പെടുകയും തൃണമൂൽ കോൺഗ്രസിൽ നിന്ന്​ വന്ന മുകുൾ റോയിയെ ദേശീയ വൈസ്​പ്രസിഡൻറാക്കുകയും ചെയ്​​ത പാർട്ടി നടപടിയിൽ രോഷം പുണ്ട്​ ബംഗാളിലെ ബി.ജെ.പി നേതാവ്​ രാഹുൽ സിൻഹ. 40 വർഷത്തോളം പാർട്ടിയെ സേവിച്ച തന്നെ തൃണമൂൽ കോൺഗ്രസ്​ നേതാക്കളെ ഉൾപെടുത്താനായി ചുമതലയിൽ നിന്നും നീക്കിയതിൻെറ അമർഷമാണ്​ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്​.

'കഴിഞ്ഞ 40 വർഷമായി ഞാൻ ബി.​െജ.പിയുടെ പടയാളിയാണ്​. തൃണമൂൽ കോൺഗ്രസിലെ നേതാവ്​ വരുന്നതോടെ നമ്മൾ മാറ്റി നിർത്തപ്പെടുകയാണ്​. ജനിച്ച അന്ന്​ മുതൽ ബി.ജെ.പിയെ സേവിക്കുന്നതിന്​ ഈ പ്രതിഫലത്തേക്കാൾ നിർഭാഗ്യകരമായി മറ്റൊന്നുമില്ല'- ബംഗാളി, ഹിന്ദി ഭാഷകളിലുള്ള വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

'ഇതിൽ കൂടുതൽ ഒന്നും പറയില്ല. പാർട്ടിയിൽ നിന്നും ലഭിച്ച ഈ പാരിതോഷികത്തിന്​ അനുകൂലമായോ പ്രതികൂലമായോ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. പറയാനുള്ള കാര്യങ്ങളും ഭാവി തീരുമാനങ്ങളും 10, 12 ദിവസത്തിനുള്ളിൽ പറയും'- സിൻഹ പറഞ്ഞു.

അടുത്ത കാലത്തായി മുകുൾ റോയിയുടെ നേതൃത്വത്തിൽ ബംഗാളിൽ ബി.ജെ.പി നടത്തുന്ന മുന്നേറ്റങ്ങൾക്കുള്ള ആദ്യ പ്രതിഫലമെന്ന നിലയിലാണ്​ പാർട്ടിയുടെ ദേശീയ എക്​സിക്യൂട്ടിവ്​ കമ്മിറ്റി അംഗത്തിൽ നിന്നും മുകുൾ റോയിക്ക്​ ഉപാധ്യക്ഷനായി സ്​ഥാനക്കയറ്റം ലഭിച്ചത്​. മുകുൾ റോയി പാർട്ടി വിട്ട്​ പഴയ തട്ടകത്തിലേക്ക്​ മടങ്ങുന്നതായി​ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

ബംഗാളിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ടുള്ള ബി.ജെ.പി തന്ത്രങ്ങളുടെ ഭാഗമാണ്​ അഴിച്ചുപണി. തെരഞ്ഞെടുപ്പ്​ തന്ത്രങ്ങൾ ആവിഷ്​കരിക്കാനായി ഡൽഹിയിൽ നടത്തിയ യോഗത്തിൽ ബംഗാൾ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ ദിലിപ്​ ഘോഷും റോയിയും ഏറ്റുമുട്ടിയതായി റിപോർട്ടുകളുണ്ടായിരുന്നു.

തൃണമൂൽ കോൺഗ്രസ്​ സ്​ഥാപക നേതാക്കളിൽ ഒരാളായ റോയ്​ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന്​ 2017ലാണ്​ പാർട്ടി വിട്ടത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.