മുംബൈ: ബൈക്കുള മൃഗശാലയിലെ പെൻഗ്വിൻ കുഞ്ഞിന് 'ഓസ്കർ' എന്ന് പേരിട്ടതോടെ ശിവസേനയുടെ വ്യാജ മറാത്തി സ്നേഹം വെളിച്ചത്തായെന്ന ആരോപണവുമായി ബി.ജെ.പി. സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും മറാത്തിയിലെഴുതിയ സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിനുപിന്നാലെയാണ് മൃഗശാലയിലെ പെൻഗ്വിൻ കുഞ്ഞിന് 'ഓസ്കർ' എന്ന് പേരിട്ടതെന്നും ഇത് കപടതയാണെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.
'ഒരു ഭാഗത്ത് സ്ഥാപനങ്ങൾക്ക് മുന്നിൽ മറാത്തിയിലെഴുതിയ ബോർഡുകൾ സ്ഥാപിക്കണമെന്ന് ശിവസേന വാശിപിടിക്കുന്നു. മറുഭാഗത്ത് മൃഗശാലയിലെ പുതിയ പെൻഗ്വിൻ കുഞ്ഞിന് ഓസ്കർ എന്ന് പേരിടുന്നു. ഓസ്കർ മറാത്തി പദമല്ല. ഇതിൽ നിന്ന് തന്നെ ശിവസേനയുടെ വ്യാജ മറാത്തി സ്നേഹം പ്രകടമാണ്'- ബി.ജെ.പി നേതാവ് ചിത്ര വാഗ് ട്വിറ്ററിൽ കുറിച്ചു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേന നേതാവുമായ ആദിത്യ താക്കറെയുടെ സ്വപ്ന പദ്ധതിയായ ബൈക്കുള മൃഗശാലയിലെ പെൻഗ്വിനുകൾക്കായി 15 കോടിയലധികം രൂപയാണ് ബൃഹദ് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) ചിലവഴിക്കുന്നത്. ഇതിനെ ചൊല്ലി ബി.ജെ.പി-ശിവസേന പോര് പതിവാണ്. ബി.എം.സിയിലെ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ശിവസേനയുടെ മറാത്തി സ്നേഹമെന്ന് ബി.ജെ.പി നേതാവ് റാം കദം ആരോപിച്ചു.
'ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ സൈൻ ബോർഡുകൾ മറാത്തിയിലാക്കണമെന്ന നിയമം പാസ്സായിട്ടുണ്ട്. ബി.ജെ.പി 'വൺ ഇന്ത്യ' എന്ന ആശയത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന പാർട്ടിയാണ്. എന്നാൽ മറാത്തിയോടുള്ള ശിവസേനയുടെ ഇരട്ടത്താപ്പ് ഇപ്പോൾ വ്യക്തമായിട്ടുണ്ട്' -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.