ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗ പടർച്ച നേരിടുന്നതിൽ ഭരണവും പാർട്ടിയും പരാജയപ്പെട്ടതുമൂലമുള്ള അനുഭാവികളുടെ അമർഷത്തിൽ വിറച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഭരണത്തിലെയും പാർട്ടിയിലെയും ആർ.എസ്.എസിലെയും ഉന്നത നേതാക്കൾ വിളിച്ച അടിയന്തര യോഗം സാഹചര്യങ്ങൾ ചർച്ചചെയ്തു. നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള ഭരണനേതൃത്വത്തെ രണ്ടാം തരംഗത്തിെൻറ നിർണായക ദിനങ്ങളിൽ കാണാതെ പോയെന്ന് അന്താരാഷ്്ട്ര തലത്തിൽ വരെ ഉയർന്ന വിമർശനം ഉണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം ഒരുവശത്ത്.
അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കേണ്ട പ്രധാന സംസ്ഥാനമായ യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായി പടരുന്ന കടുത്തരോഷം മറുവശത്ത്. ഇതിനു പുറമെ, കോവിഡ് പ്രതിരോധ സേവനങ്ങൾക്ക് അണികളെ കളത്തിലിറക്കാൻ കഴിയാത്തതിെൻറ പേരിൽ പ്രസിഡൻറ് ജെ.പി. നഡ്ഡ അടക്കം പാർട്ടി നേതൃത്വവും വിമർശനം നേരിടുകയാണ്. സംഘ്പരിവാർ സംവിധാനവും സേവന പ്രവർത്തനങ്ങളിൽ പിന്നാക്കം പോയി. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ യോഗം നടന്നത്.
ഭരണത്തിലേറി ഏഴു വർഷത്തിനിടയിൽ കാണാത്ത വിധം നേതൃനിരയിൽനിന്ന് ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നുണ്ട്. കോവിഡ് പ്രതിസന്ധി കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സർക്കാറുകൾ കൈകാര്യം ചെയ്ത രീതിയിൽ കഴിഞ്ഞ ദിവസം ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ പാളിച്ച മോദി, അമിത് ഷാമാർക്കെതിരായ വിമർശനമാണ് പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയരുന്നുണ്ട്. അതേസമയം, പാർട്ടിയിൽ ഒരു വിഭാഗം വിമർശനത്തിെൻറ കുന്തമുന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിലേക്ക് തിരിക്കുന്നു.
കോവിഡ് സാഹചര്യങ്ങൾ യു.പിയിൽ അങ്ങേയറ്റം മോശമായത് നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന ആശങ്ക സംസ്ഥാനത്തെ പാർട്ടി എം.പിമാർ പ്രകടിപ്പിക്കുന്നു. ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ എം.പിമാരുള്ള യു.പിയിലെ സാഹചര്യങ്ങൾ മോശമായത് മോദി, അമിത് ഷാമാരുടെ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പു ലക്ഷ്യങ്ങൾക്കും തിരിച്ചടിയാണ്. നിർണായക നടപടികൾക്ക് വഴിയൊരുക്കിയേക്കുമെന്ന് കരുതുന്ന നേതൃയോഗമാണ് കഴിഞ്ഞ ദിവസം നടന്നത്.
മോദിക്കു പുറമെ, ആഭ്യന്തര മന്ത്രി അമിത്ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹസ്ബൊലെ, യു.പിയിലെ സംഘടനാ ചുമതലയുള്ള സുനിൽ ബൻസാൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു. വ്യാപക വിമർശനങ്ങൾക്കിടയിൽ, മോദി സർക്കാർ ഏഴു വർഷം പൂർത്തിയാക്കുന്ന ഈ മാസം 30ന് പ്രത്യേക ആേഘാഷമൊന്നും വേണ്ടെന്നുവെച്ചു. സേവന പ്രവർത്തനങ്ങൾക്ക് ഇറങ്ങാൻ പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാന ഘടകങ്ങൾക്ക് കത്തെഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.