ചെന്നൈ: ആരോഗ്യ കാരണങ്ങളാൽ രാഷ്ട്രീയത്തിലേക്കില്ലെന്ന നടൻ രജനികാന്തിെൻറ പ്രഖ്യാപനം ബി.ജെ.പിക്കും സംഘ്പരിവാർ കേന്ദ്രങ്ങൾക്കും തിരിച്ചടിയായി. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ ജയലളിതയുടെയും കരുണാനിധിയുടെയും അഭാവത്തിൽ രജനികാന്തിെൻറ പിന്തുണയോടെ തമിഴകം പിടിക്കുകയെന്ന സംഘ്പരിവാർ മോഹത്തിൻമേലാണ് ഈ പ്രഖ്യാപനം വെള്ളിടിയായത്.
ഇൗയിടെ 'മക്കൾ സേവൈ കക്ഷി' എന്ന പേരിൽ പുതിയ രാഷ്ട്രീയകക്ഷി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ചിഹ്നമായി 'ഒാേട്ടാറിക്ഷ'യാണ് അനുവദിച്ചിരുന്നത്. ഡിസംബർ 31ന് ഇതിെൻറ ഒൗദ്യോഗിക പ്രഖ്യാപനം നടത്താനിരിക്കെയാണ് ആരാധകരെയും രാഷ്ട്രീയകേന്ദ്രങ്ങളെയും ഞെട്ടിച്ചുകൊണ്ട് ചൊവ്വാഴ്ച രാവിലെ ട്വിറ്ററിൽ രജനികാന്തിെൻറ പ്രസ്താവന ഇറങ്ങിയത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും വെർച്വൽ കോൺഫറൻസുകൾ മുഖേനയും സമൂഹ മാധ്യമങ്ങളിലൂടെയും സജീവമായി രജനികാന്ത് പാർട്ടിയെ നയിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്.
രജനിയുടെ രാഷ്ട്രീയ പിൻമാറ്റത്തെക്കുറിച്ച് കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന്, തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ എൽ. മുരുകൻ മൗനം പാലിച്ച് ഒഴിഞ്ഞുമാറി. അണ്ണാ ഡി.എം.കെയുമായി ബി.ജെ.പി സഖ്യത്തിലാണെങ്കിലും ഇൗയിടെയായി ഇരുകക്ഷികളും തമ്മിൽ സ്വരച്ചേർച്ചയിലല്ല. വരുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി എടപ്പാടി പളനിസാമിയെ തമിഴ്നാട് ബി.ജെ.പി നേതൃത്വം അംഗീകരിക്കാത്തതാണ് പ്രധാന കാരണം.
അണ്ണാ ഡി.എം.കെയുമായുള്ള സഖ്യം, രജനികാന്തിെൻറ പാർട്ടിയുമായി ചേർന്ന് ഒരു മൂന്നാം മുന്നണി, അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിൽ രജനികാന്തിെൻറ പാർട്ടിയെ കൂടി അണിനിരത്തുക എന്നിങ്ങനെ മൂന്ന് സാധ്യതകളാണ് തമിഴക രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് മുന്നിലുണ്ടായിരുന്നത്.
രജനികാന്തിെൻറ പ്രഖ്യാപനം യഥാർഥത്തിൽ രക്ഷയായത് രണ്ടു ദ്രാവിഡ കക്ഷികൾക്കുമാണെങ്കിലും ഏറെ ആശ്വാസം അണ്ണാ ഡി.എം.കെക്കാണ്. രജനിയെ ചൂണ്ടിക്കാട്ടി ബി.ജെ.പി നടത്തിയിരുന്ന വിലപേശലും ഭീഷണിയും ഇനി വിലപ്പോവില്ല. ഒപ്പം രജനി പാർട്ടി വന്നാലുണ്ടാകുമായിരുന്ന വോട്ടുചേർച്ച ഭീതിയും ഒഴിവായി.
ബി.ജെ.പി, അണ്ണാ ഡി.എം.കെ കക്ഷികളും രജനി പാർട്ടിയും ഒന്നിച്ചുനീങ്ങിയാൽ തങ്ങളുടെ നില പരുങ്ങലിലാകുമെന്ന് ഡി.എം.കെയും ഭയന്നിരുന്നു. ദ്രാവിഡ കക്ഷികൾക്ക് ബദലായി പുതിയ മാറ്റമെന്ന മുദ്രാവാക്യത്തിെൻറ ചുവടുപിടിച്ച് രജനിയുമായി യോജിച്ച് നീങ്ങാൻ പദ്ധതിയിട്ടിരുന്ന കമൽ ഹാസെൻറ മക്കൾ നീതിമയ്യം പോലും പുതിയ സാഹചര്യത്തിൽ കളി മാറ്റി കളിക്കേണ്ടിവരുമെന്ന അവസ്ഥയാണ്.
അതിനിടെ, പാർട്ടി ഇല്ലെങ്കിലും രജനിയുടെ പരസ്യപിന്തുണ നേടിയെടുക്കാനാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ ഇപ്പോഴത്തെ ശ്രമം. കടുത്ത നിരാശയിലാണെങ്കിലും ആരോഗ്യത്തിൽ ശ്രദ്ധപുലർത്തണമെന്ന് തന്നെയാണ് ആരാധകരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.