മുംബൈ: മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ സംസ്ഥാനത്തെ രാഷ്ട്രീയ നാടകത്തിന് ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ് ഉണ്ടായെന്ന് ശിവസേന മുഖപത്രം സാമ്ന. മുഖ്യമന്ത്രിക്ക് പകരം ഉപമുഖ്യമന്ത്രിയാകാനുള്ള തീരുമാനത്തിന് പിന്നാലെ ഫഡ്‌നാവിസിന്റെ വിശാലഹൃദയത്തെയും പാർട്ടി നിർദേശങ്ങൾ പാലിക്കുന്നതിനെയും പുകയ്ത്തി ബി.ജെ.പി ആരോപണങ്ങളെ പ്രതിരോധിക്കുകയാണെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിൽ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു നാടകം കളിച്ചു. പക്ഷേ ഇനിയെത്ര എപ്പിസോഡുകൾ പുറത്തുവരാനുണ്ടെന്നതിന് ഇപ്പോഴും വ്യക്തമല്ല. പെട്ടന്നുണ്ടായ സംഭവവികാസങ്ങൾ രാഷ്ട്രീയ പണ്ഡിതന്മാരെ പോലും അമ്പരിപ്പിച്ചെന്നും എഡിറ്റോറിയൽ പറഞ്ഞു.
നാടകത്തിന് പിന്നിലെ മഹാശക്തി ആരാണെന്ന് ഇപ്പോർ എല്ലാവർക്കും മനസ്സിലായി. ശിവസേനയിൽ കലാപം സൃഷ്ടിച്ച് മഹാരാഷ്ട്രയിൽ അധികാരം നേടുക എന്നതായിരുന്നു ഈ നാടകത്തിന്‍റെ പ്രധാന ലക്ഷ്യം. എന്നാൽ നാടകത്തിന്‍റെ ക്ലൈമാക്സ് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും വിശ്വസിച്ചയാൾ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒടുവിൽ അത് അദ്ദേഹത്തിന്‍റെ വിശാല മനസാണെന്ന് പറഞ്ഞ് ആരോപണങ്ങളെയൊക്കെ പ്രതിരോധിക്കുകയാണെന്നും എഡിറ്റോറിയൽ കുറ്റപ്പോടുത്തി.
രണ്ടര വർഷം മുമ്പ് മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന് ശിവസേനക്ക് ബി.ജെ.പി വാക്ക് നൽകിയിരുന്നു. അന്ന് നൽകിയ വാഗ്ദാനം ശരിയായി പാലിച്ചിരുന്നെങ്കിൽ ഇത്തരത്തിൽ ആരോപണങ്ങളെ പ്രതിരോധിക്കേണ്ടി വരില്ലായിരുന്നുവെന്ന് ശിവസേന പറഞ്ഞു. ഉദ്ധവ് താക്കറെയുടെ രാജിക്ക് പിന്നാലെ വിമത എം.എൽ.എ ആയ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകുമെന്ന് ഫഡ്നാവിസ് തന്നെയാണ് പ്രഖ്യാപിച്ചത്. ബി.ജെ.പിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.