ബി.​ജെ.​പി ‘പണി’ തുടങ്ങി; നാളെ മോദി വീ​ണ്ടുമെത്തും

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നാളെ കർണാടകയിൽ എത്തുന്നു. അടുത്തിടെ ഇത് മൂന്നാം തവണയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഇടക്കിടെ സന്ദർശനം നടത്തി വൻകിട പദ്ധതികൾ ഉദ്ഘാടനം നടത്തുന്ന രീതിതന്നെയാണ് കർണാടകയിലും പയറ്റുന്നത്. ഫെബ്രുവരി ആറിന് ഹെലികോപ്റ്റർ നിർമാണ ഫാക്ടറി മോദി ഉദ്ഘാടനം ചെയ്യും. അന്ന് രാവിലെ ജി20 രാജ്യങ്ങളുടെ ഊർജസമ്മേളനവും ഉദ്ഘാടനം ചെയ്യും.

ജി20 രാജ്യങ്ങളുടെ എനർജി ട്രാൻസിഷൻ വർക്കിങ് ഗ്രൂപ്പിന്‍റെ ആദ്യസമ്മേളനമാണ് ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ ബംഗളൂരു അന്താരാഷ്ട്ര എക്സിബിഷൻ സെന്‍ററിൽ നടക്കുന്നത്. ‘ശുദ്ധമായ ഊർജത്തിന്‍റെ ആഗോള ലഭ്യത’ വിഷയത്തിലൂന്നിയാണ് സമ്മേളനം. ജി20 അംഗങ്ങളടക്കം 150 പ്രതിനിധികൾ പങ്കെടുക്കും. ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, യു.എ.ഇ, സ്പെയിൻ എന്നീ രാജ്യങ്ങൾ പ്രത്യേക അതിഥികളാകും. ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക്, ഐക്യരാഷ്ട്രസഭയുടെ അനുബന്ധ സംഘടനകൾ എന്നിവ സമ്മേളനത്തിന്‍റെ ഭാഗമാകും.

തുമകുരുവിലെ ഇൻഡസ്ട്രിയൽ ടൗൺഷിപ്പിനും മോദി തറക്കല്ലിടും. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ കീഴിലാണ് 8484 ഏക്കറിൽ ടൗൺഷിപ് വരുന്നത്. മൂന്ന് ഘട്ടങ്ങളിലായി പണിയുന്ന ടൗൺഷിപ് ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുടെ വികാസത്തിന് മുതൽകൂട്ടാകും. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഇ20 ഇന്ധനവിതരണ ഉദ്ഘാടനവും മോദി നിർവഹിക്കും.

പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്ത ഇന്ധനമാണ് ഇ20. 2025ഓടെ ഈ ഇന്ധനം വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ധന ഉൽപാദനം വർധിപ്പിക്കാൻ വിവിധ ഓയിൽ കമ്പനികൾ 2ജി-3ജി എഥനോൾ പ്ലാന്‍റുകൾ ഒരുക്കുകയാണ്. ഗ്രീൻ മൊബിലിറ്റി റാലിയും പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് െചയ്യും. ഹരിത ഇന്ധനത്താൽ ഓടുന്ന വാഹനങ്ങളുടെ റാലിയാണിത്.

വോട്ടെടുപ്പ് ഏപ്രിൽ 10ന് മുമ്പെന്ന് യെദിയൂരപ്പ

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 10ന് മുമ്പ് നടന്നേക്കുമെന്ന് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ. തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിയിൽ ഒരു ആശയക്കുഴപ്പവുമില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാനാർക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി 130 മുതൽ 140 സീറ്റുവരെ നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബി.ജെ.പി നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സംസ്ഥാന അധ്യക്ഷൻ നളിൻ കട്ടീൽ, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി അരുൺ സിങ്, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. ബി.ജെ.പിയുടെ ലക്ഷ്യമായ 150 സീറ്റ് തങ്ങൾ നേടുമെന്ന് അരുൺസിങ് പറഞ്ഞു.

Tags:    
News Summary - BJP started 'work'; Modi will come back tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.