മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് മുന്ന് മാസത്തിനകം ബി.ജെ.പി അധികാരം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി റാവുസാഹെബ് ദാൻവെ. 2019ൽ ബി.ജെ.പിയുടെ 80 മണിക്കൂർ ആയുസ് മാത്രമുള്ള സർക്കാർ അധികാരമേറ്റതിെൻറ വാർഷിക ദിവസമായിരുന്നു ദാൻവെയുടെ പ്രസ്താവന.
'ഞങ്ങൾക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്ന് ചിന്തിക്കരുത്. രണ്ട് മൂന്ന് മാസത്തിനകം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കും. ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ് കഴിയാൻ വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്' -പർഭാനി ജില്ലയിൽ പ്രചാരണം നടത്തുന്നതിനിടെ ദാൻവെ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബർ 23നായിരുന്നു നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവ് അജിത് പവാറിെൻറ പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റത്. മുംബൈയിലെ രാജ്ഭവനിൽ പുലർച്ചെ നടന്ന ചടങ്ങിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജഞ ചെയ്തിരുന്നു.
എന്നാൽ 80 മണിക്കൂർ മാത്രമാണ് സർക്കാറിന് ആയുസുണ്ടായിരുന്നത്. ശിവസേന, കോൺഗ്രസ്, എൻ.സി.പി എന്നീ പാർട്ടികളുടെ നേതൃത്വത്തിൽ 'മഹാ വികാസ് അഗാഡി' രൂപീകരിച്ചതോടെ ഫഡ്നാവിസിന് രാജിവെച്ച് ഒഴിയേണ്ടി വന്നു.
നവംബർ 28ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റു. 105 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ശിവസേനക്ക് 56 സീറ്റുകളാണുള്ളത്. എൻ.സി.പി 54 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 44 ഇടത്താണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.