ചെന്നൈ: പാർട്ടി മത്സരിക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയ ദേശീയ നേതാക്കൾ പലവട്ടം പര്യടനം നടത്തുകയും വാഗ്ദാനങ്ങൾ വാരിച്ചൊരിയുകയും ചെയ്തിട്ടും തമിഴ് മണ്ണിൽ ഇക്കുറിയും താമര വിരിയില്ലെന്ന തിരിച്ചറിവിൽ ഏതാണ്ട് എത്തിക്കഴിഞ്ഞു ബി.ജെ.പി കേന്ദ്രങ്ങൾ.
രണ്ട് ദശാബ്ദങ്ങൾക്കുശേഷം ദ്രാവിഡ കക്ഷിയുമായി മുന്നണി ബന്ധത്തിലേർപ്പെട്ട ബി.ജെ.പി സംസ്ഥാനത്ത് 20 സീറ്റുകളിലാണ് മത്സരിക്കുന്നത്. 2001ൽ ഡി.എം.കെയുമായി സഖ്യമുണ്ടാക്കി 21 ൽ മത്സരിച്ച് നാലിടങ്ങളിൽ വിജയിച്ച ശേഷം ഒരു ബി.ജെ.പിക്കാരന് പോലും നിയമസഭയിൽ കയറി നോക്കാനായിട്ടില്ല. ഇത്തവണ അണ്ണാ ഡി.എം.കെ മുന്നണി ബന്ധം പരമാവധി പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ ഡി.എം.കെ സഖ്യത്തിെൻറ മുന്നണിബലത്തിന് മുന്നിൽ അടിപതറുന്നതാണ് ഒടുവിലത്തെ ചിത്രം.
മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ ജനവിധി തേടുന്ന കോയമ്പത്തൂർ സൗത്തിൽ മാത്രമാണ് ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചത്. ഏകദേശം എല്ലാ ദേശീയ നേതാക്കളും ഇവിടെ പ്രചാരണത്തിനെത്തി. മതേതര വോട്ടുകൾ മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസനും ഡി.എം.കെ സഖ്യത്തിനും വീതിച്ചുപോകുന്ന സാഹചര്യത്തിൽ കടന്നുകൂടാനാവുമെന്ന പ്രതീക്ഷയിലായിരുന്നു വാനതി. എന്നാൽ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പര്യടനത്തിനിടെ ഹിന്ദുമുന്നണി പ്രവർത്തകൻ എറിഞ്ഞ കല്ല് പതിച്ചത് ഈ പ്രതീക്ഷകൾക്ക് മേലാണ്.
സംഭവം കോയമ്പത്തൂർ നഗരത്തിലെ മതസൗഹാർദത്തിന് ഭീഷണിയാവുമെന്ന ആശങ്കയുമുയർത്തി. കമൽഹാസെൻറ പ്രചാരണ പരിപാടികളിൽ പെങ്കടുത്ത ജനക്കൂട്ടം വോട്ടായാൽ മക്കൾ നീതിമയ്യത്തിന് വിജയം സുനിശ്ചിതം. ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ എൽ.മുരുകൻ ( രാസിപുരം), നടി ഖുശ്ബു (ആയിരംവിളക്ക്), എച്ച്.രാജ(കാരക്കുടി), കെ.അണ്ണാമലൈ (അറവകുറിച്ചി) എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനാർഥികൾ .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.