മുംബൈ: വിവാദ പരാമർശവുമായി മഹാരാഷ്ട്ര ബി.ജെ.പി എം.എൽ.എ നിതേഷ് റാണെ. ഹിന്ദുക്കളായ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ അഹിന്ദുക്കളുമായി സ്വത്ത് ഇടപാടുകൾ നടത്തില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും ഇടപാടിനു മുമ്പായി ആധാർ കാർഡ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉൾവെയിൽ ഗണേശ പൂജയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് വിശ്വാസികളെയും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ എം.എൽ.എ വിവാദ പരാമർശം നടത്തിയത്. ഒരു പ്രത്യേക മതത്തെ പരാമർശിച്ച അദ്ദേഹം, അതിലെ മതഗ്രന്ഥങ്ങൾ ഒന്നുകിൽ ഹിന്ദുക്കളെ മതപരിവർത്തനത്തിന് വിധേയരാക്കുകയോ, കൊല്ലുകയോ ചെയ്യണമെന്നാണ് ആഹ്വാനം ചെയ്യുന്നതെന്നും ഇക്കാര്യം നിഷേധിക്കാൻ മതപണ്ഡിതരെ വെല്ലുവിളിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ റാണെ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശം വലിയ വിവാദമായിരുന്നു. ഇസ്‌ലാമിനെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ ഹിന്ദു ദർശകനായ മഹന്ത് രാംഗിരി മഹാരാജിനെ പിന്തുണച്ച് സംസാരിച്ച അദ്ദേഹം, മുസ്‍ലിം സമുദായത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
‘എല്ലാ മതങ്ങളോടും തുല്യ ബഹുമാനം’, ‘സഹോദര്യം’ എന്നീ ആശയങ്ങൾ ഉപേക്ഷിക്കണമെന്നും നമ്മൾ ഹിന്ദുക്കളെ മാത്രം ശ്രദ്ധിക്കണമെന്നും റാണെ ആഹ്വാനം ചെയ്തു. പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിലെ ഹിന്ദുക്കൾ വലിയ പീഡനം നേരിടുകയാണെന്ന് പറഞ്ഞ റാണെ, ആരെങ്കിലും ഭീഷണിപ്പെടുത്തുകയാണെങ്കിൽ തന്‍റെ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും 10 മിനിറ്റിനുള്ളിൽ താൻ അവിടെ എത്തുമെന്നും വ്യക്തമാക്കി.
റാണെയുടെ പരാമർശത്തിനെതിരെ എ.ഐ.എം.ഐ.എം ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തിന്‍റെ മതേതര സംവിധാനത്തിനും ഭരണഘടനക്കും എതിരാണ് എം.എൽ.എയുടെ പരാമർശമെന്ന് എ.ഐ.എം.ഐ.എം ചൂണ്ടിക്കാട്ടി. ഭരണകക്ഷിയിലെ എൻ.സി.പിയും റാണെക്കെതിരെ രംഗത്തുവന്നു. ഒരു പാർട്ടിയിൽനിന്നുള്ള ചില വ്യക്തികൾ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് പതിവായി അധിക്ഷേപ പരാമർശങ്ങൾ നടത്തുകയാണെന്നും അതിനെ എൻ.സി.പി ശക്തമായി എതിർക്കുന്നുവെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പ്രതികരിച്ചു. ഇത്തരം അധിക്ഷേപ പരാമർശങ്ങൾ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.