കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ പ്രിയങ്ക തിബ്രേവാൾ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജിക്കെതിരെയാണ് മത്സരം.
സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലായതോടെ ബി.ജെ.പിയും തൃണമൂലും പരസ്പരം വാക്യുദ്ധത്തിന് തുടക്കമിട്ടിരുന്നു. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങൾ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ പ്രചാരണം. സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നും എന്നാൽ മമത ബാനർജയും അവരുടെ പാർട്ടിയും ഈ അവകാശം ഏറ്റെടുത്തിരിക്കുകയാണെന്നും അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടി തിബ്രേവാൾ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്നും തിങ്കളാഴ്ച നാമനിർദേശ പത്രിക നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, മമത ബാനർജിയുടെ വിജയം ഉറപ്പാണെന്ന് വിശ്വസിക്കുന്ന തൃണമൂൽ പ്രവർത്തകർ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള തിരക്കിലാണ്. ജയം ഉറപ്പാണെന്നും ഭൂരിപക്ഷം ഉയർത്താനാണ് ശ്രമമെന്നും തൃണമൂൽ പ്രവർത്തകർ പറയുന്നു.
സെപ്റ്റംബർ 30നാണ് ഉപതെരഞ്ഞെടുപ്പ്. ഒക്ടോബർ മൂന്നിന് ഫലം പ്രഖ്യാപിക്കും. ഏപ്രിൽ-മെയ് മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മമത ബാനർജി നന്ദിഗ്രാമിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ െചയ്തു. നിയമസഭയിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിസ്ഥാനത്തെത്തുേമ്പാൾ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം. ഇതോടെ മമതക്കായി ഭവാനിപൂരിലെ തൃണമൂൽ എം.എൽ.എ രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.