ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സ്റ്റാൻഡ്അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ സുഹൃത്തിനെ ബി.ജെ.പിക്കാർ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
ബി.ജെ.പിയുടെ തൊഴിലില്ലാത്ത ഗുണ്ടകളുടെ തൊഴിൽ മറ്റുള്ളവരെ ആക്രമിക്കലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ബൈക്കിൽ പൊലീസിനൊപ്പം േപാകുന്ന സുഹൃത്തിനെ അടിക്കുന്ന വിഡിയോയും പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
'ബി.ജെ.പിയുടെ തൊഴിലില്ലാത്ത ഗുണ്ടകൾ പണിയെടുക്കുകയാണ്. ആളുകളെ ഭീഷണിപ്പെടുത്തുക, സ്ത്രീകൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കുക, നിരായുധരായ ആളുകളെ മർദ്ദിക്കുക തുടങ്ങിയവയാണ് അവർ ചെയ്യുന്ന ജോലികൾ. കൂടാതെ, ഭാരത് മാതാ കീ ജയ് എന്ന് അലറുകയും ചെയ്യും' -പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിലെ ഇൻഡോറിൽവെച്ച് മുനവർ ഫാറുഖിയെ ആക്രമിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും പരിപാടിയിൽ വിമർശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം. ഹിന്ദു രക്ഷ സംഘ്സ്തയുടെ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ഇത്. പിന്നീട് മുനവറിനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഫാറൂഖിയുടെ സുഹൃത്ത് സദഖത്തും കേസിൽ അറസ്റ്റിലായിരുന്നു. രണ്ടുദിവസം മുമ്പ് കോടതിയിൽ ഹാജരാക്കിയപ്പോൾ അദ്ദേഹത്തിന് നേരെ ബി.ജെ.പി പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മോട്ടോർ സൈക്കിളിൽ െപാലീസിനൊപ്പം ഇരുന്ന അദ്ദേഹത്തെ ഒരാൾ അടിക്കുന്നതും തെറിവിളിക്കുന്നതും വിഡിയോയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.