ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗറിൽ കിസാൻ മഹാപഞ്ചായത്ത് അരങ്ങേറുന്നതിനിടെ പ്രതികരണവുമായി ബി.ജെ.പി നേതാവ് വരുൺ ഗാന്ധി എം.പി. കർഷകർ നമ്മുടെ അതേ രക്തവും മാംസവുമാണെന്ന് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു. കിസാൻ മഹാ പഞ്ചായത്തിലെ വലിയ ജനക്കൂട്ടം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
''ലക്ഷക്കണക്കിന് പ്രതിഷേധകർ ഇന്ന് ഒത്തുകൂടിയിരിക്കുന്നു. അവർ നമ്മുടെ അതേ രക്തവും മാംസവുമാണ്. അവരോട് വീണ്ടും ബഹുമാനത്തോടെയുള്ള ചർച്ചകൾ തുടങ്ങേണ്ടതുണ്ട്. അവരോടൊപ്പം അടിത്തട്ടിൽ എത്തി വേദനയും നിലപാടും തൊഴിലും മനസ്സിലാക്കണം'' -വരുൺ ഗാന്ധി പറഞ്ഞു.
കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ശക്തിപകരാൻ 'ഉത്തർപ്രദേശ്-ഉത്തരാഖണ്ഡ് മിഷൻ' ആരംഭിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. കിസാൻ മോർച്ചയുടെ ഭാരത് ബന്ദുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങളും മഹാപഞ്ചായത്തിലുണ്ടാകും.
15 സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരാണ് മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ മുസഫർ നഗറിലെ ഗവൺമെന്‍റ് ഇന്‍റർ കോളജ് ഗ്രൗണ്ടിലെത്തുന്നത്. കർഷകരുടെയും കർഷക തൊഴിലാളികളുടെയും കർഷകപ്രസ്ഥാനങ്ങളെ പിന്തുണക്കുന്നവരുടെയും ശക്തി യോഗി-മോദി സർക്കാറുകൾ ഞായറാഴ്ച മനസിലാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.