ന്യൂഡൽഹി: ബിഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദിനെ എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതിനെ എതിർത്ത് പ്രതിപക്ഷ പാർട്ടികൾ. പ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാർഥിയുടെ പേര് പ്രതിപക്ഷ പാര്‍ട്ടികളെ അറിയിക്കുമെന്ന വാഗ്ദാനം ബി.ജെ.പി പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 22ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ എതിര്‍ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. രാംനാഥ് കോവിന്ദയെ പിന്തുണക്കില്ലെന്ന് മമത ബാനര്‍ജിയും സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു.
അതേസമയം, എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ ബി.ജെ.പി ഏകപക്ഷീയമായാണ് നിശ്ചയിച്ചതെന്ന് ശിവസേനനേതാവ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. സ്ഥാനാർഥിയെക്കുറിച്ച് ഘടകകക്ഷികളുമായി ചർച്ച നടത്തിയിട്ടില്ല. സമവായ ചർച്ചകളിൽ പോലും ബി.ജെ.പി രാംനാഥ് കോവിന്ദിന്‍റെ പേര് പറഞ്ഞിട്ടില്ലെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
സ്ഥാനാര്‍ഥിപ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്ന് മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. അതിനിടെ ബിഹാര്‍ ഗവര്‍ണര്‍ കൂടിയായ രാംനാഥ് കോവിന്ദയെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി അഭിനന്ദിച്ചു. എന്നാല്‍ പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എൻ.ഡി.എ തീരുമാനിച്ച വിവരം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സ്ഥാനാര്‍ഥിയുടെ പേര് തീരുമാനിച്ചത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളുമായി അഭിപ്രായ ഐക്യത്തിനുള്ള സാധ്യത ആരായുന്നതിനായി മൂന്നംഗ പാനല്‍ രൂപീകരിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുമായി പാനല്‍ അംഗങ്ങളായ രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, എം വെങ്കയ്യ നായിഡു എന്നിവര്‍ നടത്തിയ ചര്‍ച്ച സംബന്ധിച്ച് പാര്‍ലമെന്‍ററി ബോര്‍ഡ് വിലയിരുത്തല്‍ നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.