കള്ളപ്പണക്കാര്‍ക്ക് ഒരു അവസരംകൂടി; വിജ്ഞാപനം ഈയാഴ്ച


ന്യൂഡല്‍ഹി: കള്ളപ്പണക്കാര്‍ക്ക് നികുതി അടച്ച് നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു അവസരംകൂടി നല്‍കുന്നു. ഇതിനായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (പി.എം.ജി.കെ.വൈ) പദ്ധതി ഈ ആഴ്ച പ്രഖ്യാപിക്കും. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണത്തിന് 50 ശതമാനം നികുതിയും സര്‍ചാര്‍ജും അടച്ച് നിയമാനുസൃതമാക്കുന്നതിനാണ് അവസരം. നിക്ഷേപത്തിന്‍െറ നാലിലൊരു ഭാഗം നാലു വര്‍ഷത്തേക്ക് പിന്‍വലിക്കാന്‍ കഴിയാത്ത രീതിയില്‍ നിക്ഷേപിക്കുകയും വേണം. ഇതിന് പലിശ ലഭിക്കില്ല. 

നികുതി നിയമങ്ങള്‍ (രണ്ടാം ഭേദഗതി) ബില്‍ 2016ന്‍െറ ഭാഗമായ ഈ പദ്ധതി നവംബര്‍ 29നാണ് ലോക്സഭ അംഗീകരിച്ചത്. മണി ബില്‍ ആയാണ് നിയമഭേദഗതി ലോക്സഭയില്‍ അവതരിപ്പിച്ചത്. അതിനാല്‍ രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. എങ്കിലും രാജ്യസഭയുടെ പരിഗണനക്ക് നല്‍കുന്ന ബില്‍ 14 ദിവസത്തിനകം തിരിച്ചുനല്‍കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഈമാസം 14നാണ് ഈ കാലാവധി കഴിയുന്നത്. തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചശേഷം ഈ ആഴ്ചതന്നെ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. 

ഈ പദ്ധതിപ്രകാരം വെളിപ്പെടുത്തുന്ന പണത്തിന്‍െറ ഉറവിടം വെളിപ്പെടുത്തേണ്ടതില്ല. സമ്പന്ന നികുതി, സിവില്‍ നിയമങ്ങള്‍, മറ്റു നികുതി നിയമങ്ങള്‍ എന്നിവയില്‍നിന്ന് പരിരക്ഷ ലഭിക്കും. എന്നാല്‍, വിദേശ വിനിമയച്ചട്ടം, വിദേശ കള്ളപ്പണ നിയമം തുടങ്ങിയ നിയമങ്ങളില്‍ ഇളവ് ലഭിക്കില്ല.

Tags:    
News Summary - black money holders had one week time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.