ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയാൽ ഡൽഹി മന്ത്രിമാർക്കെതിരായ കേസുകൾ പിൻവലിക്കാമെന്ന് ബി.ജെ.പി വാഗ്ദാനം നൽകിയെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണം തള്ളി ബി.ജെ.പി. നിർലജ്ജമായി നുണ പറയുകയാണ് അരവിന്ദ് കെജ്രിവാളെന്ന് ബി.ജെ.പി വക്താവ് സെയ്ദ് സഫർ ഇസ്‍ലാം പറഞ്ഞു. ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ബി.ജെ.പിയെ അപകീർത്തിപ്പെടുത്താനുമുള്ള വെറും പ്രസ്താവന മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹം ഡൽഹിയിലെയും രാജ്യത്തെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കെജ്രിവാൾ അധികാരം പിടിക്കാൻ വേണ്ടി അണ്ണാ ഹസാരെയെ ഉപയോഗിച്ചു. അതിനുശേഷം അദ്ദേഹത്തെ ഉപേക്ഷിച്ചു. അധികാരം പിടിച്ചടക്കാനായി ആരെയും തെറ്റിദ്ധരിപ്പിക്കാൻ കെജ്രിവാളിനാകും -സെയ്ദ് സഫർ ഇസ്‍ലാം പറഞ്ഞു.
കഴിഞ്ഞ ദിവസം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അരവിന്ദ് കെജ്രിവാൾ ബി.ജെ.പിയുടെ വാഗ്ദാനത്തെ കുറിച്ച് പറഞ്ഞത്. ഡൽഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മനീഷ് സിസോദിയ തള്ളിയതിനു പിന്നാലെ ബി.ജെ.പി തന്നെ സമീപിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്ന് ആപ്പ് പിൻമാറുകയാണെങ്കിൽ ഡൽഹി മന്ത്രിമാരായ സത്യേന്ദർ ജെയിനിനും മനീഷ് സിസോദിയക്കുമെതിരായ കേസുകൾ പിൻവലിക്കാമെന്നും കുറ്റങ്ങൾ റദ്ദാക്കാമെന്നും അറിയിച്ചുവെന്നാണ് കെജ്രിവാൾ അവകാശപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.