Image Courtesy: Economic Times

പി.എം കെയേഴ്സ് ഫണ്ട്: സുപ്രീംകോടതി വിധി രാഹുൽ ഗാന്ധിക്കും കൂട്ടർക്കുമുള്ള തിരിച്ചടി -ബി.ജെ.പി

ന്യൂഡൽഹി: പി.എം കെയേഴ്സ് ഫണ്ടിലേക്ക് സമാഹരിച്ച തുക ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റേണ്ടതില്ലെന്ന സുപ്രീംകോടതി വിധി രാഹുൽ ഗാന്ധിക്കും കൂട്ടർക്കുമുള്ള തിരിച്ചടിയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. ഗാന്ധി കുടുംബമാണ് പി.എം.എൻ.ആർ.എഫിനെ പതിറ്റാണ്ടുകളോളം ഉപയോഗിക്കുകയും കുടുംബ ട്രസ്റ്റുകളിലേക്ക് വകമാറ്റുകയും ചെയ്തതെന്നും നദ്ദ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെയും വാടകക്കെടുത്ത കാരണങ്ങളുമായെത്തുന്ന അദ്ദേഹത്തിന്‍റെ ആക്ടിവിസ്റ്റ് സംഘത്തിന്‍റെയും ഹീനമായ സങ്കൽപങ്ങൾക്ക് തിരിച്ചടിയാണ് കോടതി വിധി. കോൺഗ്രസും സഖ്യകക്ഷികളും എത്രത്തോളം ദുഷ്ടലാക്കോടെ ശ്രമിച്ചാലും സത്യം തെളിഞ്ഞുനിൽക്കുമെന്നതിന്‍റെ തെളിവാണ് വിധി.

പി.എം കെയേഴ്സിലേക്ക് നിരന്തരം സംഭാവന നൽകിയ സാധാരണക്കാർ രാഹുൽ ഗാന്ധിയുടെ വാചകമടിയെ തള്ളിക്കളഞ്ഞവരാണ്. പരമോന്നത കോടതിയുടെ വിധിയോടെ രാഹുൽ ഗാന്ധിയും കൂട്ടരും ശരിയായ വഴി മനസിലാക്കുമോ അതോ കൂടുതൽ ലജ്ജിക്കുമോ? -നദ്ദ ചോദിച്ചു.

പ്രധാനമന്ത്രിയുടെ ദേശീയ കാരുണ്യ നിധിയെ (പി.എം.എൻ.ആർ.എഫ്) തങ്ങളുടെ കുത്തകാവകാശമായാണ് ഗാന്ധി കുടുംബം കണ്ടത്. കുടുംബ ട്രസ്റ്റുകളിലേക്ക് ഇതിൽ നിന്നും പണം മാറ്റി. തങ്ങൾ ചെയ്ത പാപങ്ങളിൽ നിന്നും കൈകഴുകാനായാണ് പി.എം കെയേഴ്സിനെതിരെ ആസൂത്രിത പ്രചാരണം നടത്തുന്നതെന്നും നദ്ദ ആരോപിച്ചു.

ജസ്റ്റിസ് അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് പി.എം കേയേഴ്സ് ഫണ്ടിലെ തുക ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്. പി.എം കെയേഴ്സ് ഫണ്ട് സ്വീകരിക്കുന്ന തുക തികച്ചും വ്യത്യസ്തമാണ്. അതൊരു ജീവകാരുണ്യ ട്രസ്റ്റിന്‍റെ തുകയാണ്. അത് മുഴുവൻ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റേണ്ട ആവശ്യമില്ലായെന്നും വേണമെന്ന് തോന്നുകയാണെങ്കിൽ സർക്കാറിന് തുക ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.