മുംബൈ: മുംൈബ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വമ്പൻ താരനിരയെ ഇറക്കി പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കോൺഗ്രസ്. 2022 ഫെബ്രുവരിയിൽ നടക്കുന്ന കോർപറേഷൻ തെരഞ്ഞെടുപ്പിൽ 227 സീറ്റിലും മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
37,000 കോടിയുടെ കൂറ്റൻ വാർഷിക ബഡ്ജറ്റുള്ള മുംബൈ കോർപറേഷൻ രാഷ്ട്രീയ പാർട്ടികളുടെ അഭിമാന പോരാട്ടമാണ്. യുവ വോട്ടർമാർ വളരെ നിർണായകമായ മുംബൈ തെരഞ്ഞെടുപ്പിൽ വലിയ താരനിരയെയാണ് മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് നിർദേശിച്ചിരിക്കുന്നത്. ബോളിവുഡ് നടൻമാരായ റിഥേഷ് ദേശ്മുഖ്, സോനുസൂദ്, മിലിന്ദ് സോമൻ എന്നിവരെയാണ് കോർപറേഷൻ കമ്മറ്റി മുംബൈ മേയറായി നിർദേശിച്ച് മേൽകമ്മറ്റിക്ക് കത്തയച്ചിരിക്കുന്നത്.
റിഥേഷ് ദേശ്മുഖ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വിലാസ് റാവു ദേശ്മുഖിന്റെ മകനാണ്. സോനുസൂദ് നടനെന്ന വിലാസത്തേക്കാളുപരി സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ രാജ്യമാകെ വലിയ ശ്രദ്ധ നേടിയിരുന്നു. മിലിങ് സോമൻ മോഡലിങ്ങിലും ഫിറ്റ്നസ് മേഖലയിലും ശ്രദ്ധേയനാണ്.
2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 97 സീറ്റുമായി ശിവസേനയായിരുന്നു മുന്നിൽ. ബി.ജെ.പിക്ക് 82ഉം കോൺഗ്രസിന് 31ഉം സീറ്റുകൾ ലഭിച്ചു. എന്നാൽ മഹാരാഷ്ട്രയിൽ സഖ്യ സർക്കാർ നിലനിൽക്കുന്നതിനാൽ കോൺഗ്രസ് തനിച്ച് മത്സരിക്കുമോ എന്ന കാര്യം ഇനിയും ഉറപ്പാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.