യു​​ക്രെ​യ്നി​ൽ കൊ​ല്ല​പ്പെ​ട്ട ന​വീ​നി​ന്‍റെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ ആ​ദ​ര​മ​ർ​പ്പി​ക്കു​ന്നു

നോവായി നവീന്‍റെ അന്ത്യയാത്ര; മൃതദേഹം മെഡിക്കൽ കോളജിന് കൈമാറി

ബംഗളൂരു: യുക്രെയ്നിലെ യുദ്ധഭൂമിയിൽ റഷ്യൻ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക ഹാവേരി സ്വദേശിയും മെഡിക്കൽ വിദ്യാർഥിയുമായ നവീൻ ശേഖരപ്പ ഗ്യാനഗൗഡറിന്‍റെ (21) മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് ബംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, നവീന്‍റെ കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

പിന്നീട് അന്ത്യകർമങ്ങൾക്കായി ജന്മനാടായ ചലഗരെയിലേക്ക് കൊണ്ടുപോയി. ഉച്ച വരെ വീട്ടിൽ പൊതുദര്‍ശനത്തിന് വെച്ചു. മുഖ്യമന്ത്രിയടക്കം നൂറുകണക്കിന് പേർ അന്തിമോപചാരമർപ്പിക്കാനെത്തി. ശേഷം കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം മൃതദേഹം ദാവൻകരെ എസ്.എസ് മെഡിക്കൽ കോളജിന് കൈമാറി. യുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയ നിരവധി വിദ്യാർഥികളും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി.

റഷ്യൻ സേന യുക്രെയ്നിലെ ഖാർകിവിൽ മാർച്ച് ഒന്നിന് നടത്തിയ ആക്രമണത്തിലാണ് ഖാർകിവ് നാഷനൽ മെഡിക്കൽ സർവകലാശാലയിലെ വിദ്യാർഥിയായ നവീൻ കൊല്ലപ്പെട്ടത്. യുക്രെയ്നിൽ റഷ്യൻ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട ഏക ഇന്ത്യൻ വിദ്യാർഥിയാണ് നവീൻ. ആക്രമണമാരംഭിച്ചപ്പോൾ ബങ്കറിൽ കഴിഞ്ഞിരുന്ന നവീൻ പിന്നീട് പലചരക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ഷെല്ലാക്രമണത്തിൽ പെട്ടത്. നന്നായി പഠിച്ച് മെഡിക്കൽ രംഗത്ത് നേട്ടമുണ്ടാക്കാനാണ് തന്‍റെ മകൻ ആഗ്രഹിച്ചതെന്നും അതുകൊണ്ടാണ് മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി മൃതദേഹം വിട്ടുനൽകാൻ തീരുമാനിച്ചതെന്ന് നവീന്‍റെ പിതാവ് ശേഖരപ്പ ഗ്യാനഗൗഡർ പറഞ്ഞു.

Tags:    
News Summary - Body of Karnataka student Naveen Shekarappa Gyanagoudar killed in Ukraine handed over to medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.