30,000 ഡോളർ ആവശ്യപ്പെട്ട് ഡൽഹിയിലെ 40 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം

ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ 40 സ്‌കൂളുകൾക്ക് 30,000 ഡോളർ ആവശ്യപ്പെട്ട് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി പൊലീസ്.  നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലേക്കാണ് ഒറ്റ ഇ-മെയിലിൽ ഭീഷണി സന്ദേശം അയച്ചത്. ഡി.പി.എസ് ആർ.കെ പുരം ജി.ഡി ഗോയങ്ക സ്കൂൾ, പശ്ചിമ വിഹാറിലെ ബ്രിട്ടീഷ് സ്കൂൾ, ചാണക്യ പുരിയിലെ ദ മദേഴ്‌സ് ഇന്‍റർനാഷണൽ, അരബിന്ദോ മാർഗിലെ മോഡേൺ സ്കൂൾ, ഡൽഹി പൊലീസ് പബ്ലിക് സ്കൂൾ തുടങ്ങിയവ ഇതിൽപ്പെടുന്നു.

ഭീഷണി ലഭിച്ച മിക്ക സ്കൂളുകളും അവരുടെ ക്ലാസുകൾ താൽക്കാലികമായി നിർത്തി വിദ്യാർഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. ഡി.പി.എസ് ആർകെ പുരം, പശ്ചിമ വിഹാർ എന്നിവിടങ്ങളിൽ നിന്നാണ് ബോംബ് ഭീഷണിയെക്കുറിച്ച് ആദ്യ അറിയിപ്പ് ലഭിച്ചതെന്ന് ഡൽഹി ഫയർ സർവിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബോംബ് ഡിറ്റക്ഷൻ ടീമുകളും ഫയർഫോഴ്‌സും ലോക്കൽ പൊലീസും ഡോഗ് സ്‌ക്വാഡും ഉടൻ പ്രതികരിക്കുകയും സ്‌കൂളുകളിൽ തിരച്ചിൽ നടത്തുകയും ചെയ്തു. സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകൾ അടച്ചശേഷം ഞായറാഴ്ച രാത്രി 11.38ന് സ്‌കൂളുകളുടെ ഐ.ഡിയിൽ scottielanza@gmail.com എന്ന വിലാസത്തിൽ നിന്ന് മെയ്ൽ വന്നതായി വൃത്തങ്ങൾ അറിയിച്ചു. ‘ഞാൻ കെട്ടിടത്തിനുള്ളിൽ ഒന്നിലധികം ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്. ബോംബുകൾ ചെറുതും നന്നായി മറച്ചിരിക്കുന്നവയുമാണ്. ഇത് കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ വരുത്തില്ല. പക്ഷേ ബോംബുകൾ പൊട്ടിത്തെറിക്കുമ്പോൾ നിരവധി ആളുകൾക്ക് പരിക്കേൽക്കും’ -ഇ മെയിൽ പറയുന്നു. ‘ എനിക്ക് 30,000 ഡോളർ നൽകിയില്ലെങ്കിൽ  നിങ്ങൾ എല്ലാവരും കഷ്ടപ്പെടാനും കൈകാലുകൾ നഷ്ടപ്പെടാനും അർഹരാണ്. =E2=80=9CKNR=E2=80=9D എന്ന ഗ്രൂപ്പാണ് ഈ ആക്രമണത്തിന് പിന്നിലെന്നും അതിൽ പറയുന്നു.

സ്‌കൂളിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒരു ഇ മെയിൽ ലഭിച്ചുവെന്നും മുൻകരുതൽ നടപടിയെന്ന നിലയിൽ വിദ്യാർത്ഥികളെ ഉടൻ വിടുകയാണെന്നും മയൂർ വിഹാറിലെ മദർ മേരീസ് സ്‌കൂൾ രക്ഷിതാക്കൾക്കയച്ച സന്ദേശത്തിൽ അറിയിച്ചു. സ്കൂളുകൾക്ക് ഇത്തരം ഭീഷണികൾ സ്ഥിരമായി ലഭിക്കുന്നത് സർക്കാറി​ന്‍റെ പരാജയമാണെന്ന് രക്ഷിതാക്കളിലൊരാളായ ഹരീഷ് പറഞ്ഞു.

മേയ് മാസത്തിൽ, നഗരത്തിലെ 200ലധികം സ്‌കൂളുകൾക്കും ആശുപത്രികൾക്കും മറ്റ് പ്രധാന സർക്കാർ സ്ഥാപനങ്ങൾക്കും സമാനമായ ബോംബ് ഭീഷണി ലഭിച്ചിരുന്നുവെങ്കിലും വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ച് മെയിൽ അയച്ചതിനാൽ കേസ് ഇതുവരെ പരിഹരിക്കാനായിട്ടില്ല.

Tags:    
News Summary - Bomb threat mail to around 40 Delhi schools, sender demands $30,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.