നഴ്സറി കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ബോംബെ ഹൈകോടതി ഉത്തരവ്

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ബദ്‍ലാപൂരിൽ രണ്ട് നഴ്സറി വിദ്യാർഥികൾ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ സ്കൂൾ അധികൃതർക്കും പൊലീസിനും ബോംബെ ഹൈകോടതിയുടെ രൂക്ഷ വിമർശനം. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് രേവതി മൊഹിതെ അധ്യക്ഷയായ ഡിവിഷൻ ബെഞ്ച് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ സർക്കാറിന് നിർദേശം നൽകി. ആഗസ്റ്റ് 27ന് അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ആഗസ്റ്റ് 12, 13 തീയതികളിലാണ് നാലു വയസ്സുള്ള രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായത്. വിഷയത്തിൽ ശക്തമായ ജനരോഷമുയർന്ന സാഹചര്യത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

കേസന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈകോടതി, എന്തുകൊണ്ടാണ് പൊലീസ് ഇത്തരമൊരു വിഷയത്തെ നിസ്സാരമായി കാണുന്നതെന്ന് ചോദിച്ചു. പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ മാത്രമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻപോലും തയാറായത്. സംഭവം നടന്ന് നാലോ അഞ്ചോ ദിവസം കഴിഞ്ഞാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി. സ്കൂളിൽ കുട്ടികൾ സുരക്ഷിതരല്ലെങ്കിൽ പിന്നെ അവർ എവിടെപ്പോകുമെന്നും കോടതി ചോദിച്ചു.

അന്വേഷണത്തിൽ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, സസ്പെൻഷൻ കൊണ്ട് നടപടി അവസാനിപ്പിക്കാനാവില്ലെന്ന് ബെഞ്ച് പ്രതികരിച്ചു. സ്കൂൾ അധികാരികൾക്ക് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും അവർ നിശ്ശബ്ദത പാലിച്ചുവെന്ന് കോടതി വിമർശിച്ചു. ഇതും ഗുരുതരമായ പിഴവാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണം. വ്യാഴാഴ്ചതന്നെ നടപടിയുണ്ടാകുമെന്ന് സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ പറഞ്ഞു. കേസിൽ സ്കൂൾ അറ്റൻഡർ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ കസ്റ്റഡി ആഗസ്റ്റ് 26 വരെ നീട്ടി.

Tags:    
News Summary - Bombay High Court criticizes case of nursery children being sexually assaulted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.