മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. ഹർജിയുടെ പകർപ്പ് കിട്ടിയില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് പറഞ്ഞതോടെയാണ് വാദം കേൾക്കൽ മാറ്റിവെച്ചത്.
ബുധനാഴ്ച മുംബൈ പ്രത്യേക എൻ.ഡി.പി.എസ് കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആര്യൻ ബോംബെ ഹൈകോടതിയിൽ അപ്പീൽ നൽകിയത്.
നിലവിൽ ആർതർ ജയിലിലാണ് മൂന്നാഴ്ചയായി ആര്യൻ. പിതാവും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാൻ ആര്യനെ കാണാനായി വ്യാഴാഴ്ച രാവിലെ ആർതർ റോഡ് ജയിലിലെത്തിയിരുന്നു. മിനിറ്റുകൾ മാത്രമായിരുന്നു ഷാരൂഖിന് മകനെ കാണാൻ അനുവാദം നൽകിയത്. നിമിഷങ്ങൾക്കകം താരം ജയിലിൽ നിന്ന് മടങ്ങുകയും ചെയ്തു.
ഒക്ടോബർ മൂന്നിനാണ് 23കാരനായ ആര്യനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. പ്രഥമദൃഷ്ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പ്രത്യേക എൻ.ഡി.പി.എസ് കോടതി ആര്യന്‍റെ ജാമ്യാപേക്ഷ തള്ളിയത്. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അർബാസ് സേഠ് മർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
ലഭ്യമായ തെളിവുകൾ പ്രകാരം പ്രതികൾ കുറ്റക്കാരല്ലെന്ന് പറയാൻ സാധിക്കില്ലെന്നും ജാമ്യം ലഭിച്ചാൽ വീണ്ടും അതേ കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പില്ലെന്നുമാണ് ജഡ്ജി വി.വി. പാട്ടീൽ ജാമ്യം നിഷേധിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ 29ഉം 37ഉം വകുപ്പുകൾ കേസിൽ ബാധകമാണ്. അതുകൊണ്ടുതന്നെ, കുറ്റം ചെയ്തിട്ടില്ലെന്ന പ്രതികളുടെ വാദം ഈ ഘട്ടത്തിൽ തൃപ്തികരമല്ല. ആര്യൻ ഖാന് ജാമ്യം നൽകുകയാണെങ്കിൽ തെളിവുകൾ നശിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ട്. ആര്യൻ ഖാന്‍റെ വാട്സാപ്പ് ചാറ്റുകൾ ലഹരിവസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.