ബംഗളൂരു: രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുമ്പോൾ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി-എസും സഖ്യത്തിനൊരുങ്ങുന്നു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഞായറാഴ്ച ഇതുസംബന്ധിച്ച സൂചന നൽകിയത്. ഇരുപാർട്ടികൾക്കിടയിലും സഖ്യചർച്ച നടക്കുമെന്ന് അദ്ദേഹം ബംഗളൂരുവിൽ പറഞ്ഞു. ‘ബി.ജെ.പി നേതൃത്വവും ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും തമ്മിലാണ് ചർച്ച നടക്കുക. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അദ്ദേഹത്തിന്റെ ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടക്കുമെന്നും ചർച്ചയുടെ അനന്തരഫലമായി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ രൂപപ്പെടുമെന്നും ബൊമ്മൈ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും സഖ്യസാധ്യത സംബന്ധിച്ച് സൂചന നൽകിയിരുന്നു.
അതേസമയം, കർണാടകയിലെ സാഹചര്യം പരിഗണിച്ച് ജെ.ഡി-എസ് എൻ.ഡി.എയുടെ ഭാഗമായാൽ കേരളത്തിൽ പാർട്ടി വെട്ടിലാവും. കേരളത്തിൽ ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ ഭാഗമാണ് ജെ.ഡി-എസ്. ബി.ജെ.പി വിരുദ്ധ മുന്നണിയിലാണ് എൽ.ഡി.എഫ് എന്നതിനാൽ മുന്നണി വിടുകയോ പുതിയ പാർട്ടി രൂപവത്കരിക്കുകയോ ആവും മുന്നിലെ വഴി. ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ നിലപാടെടുക്കണമെന്നതാണ് കഴിഞ്ഞ മാസം ബംഗളൂരുവിൽ ചേർന്ന ജെ.ഡി-എസ് ദേശീയ നിർവാഹക സമിതി തീരുമാനം. ദേവഗൗഡയുടെ തീരുമാനം പ്രഖ്യാപിച്ചപ്പോൾ കുമാരസ്വാമി അതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. പിന്നീടാണ് കുമാരസ്വാമിയുടെ മനംമാറ്റം. കുമാരസ്വാമിയുടെ നിലപാടിനോട് ദേവഗൗഡയും മൂത്തമകൻ എച്ച്.ഡി. രേവണ്ണയും അനുകൂലിക്കുന്നില്ലെന്നാണ് വിവരം. എന്നാൽ, ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടി യോഗത്തിൽനിന്ന് ദേവഗൗഡയെ മാറ്റിനിർത്തുന്നതടക്കമുള്ള കോൺഗ്രസിന്റെ സമീപനങ്ങൾ കർണാടകയിൽ ജെ.ഡി-എസിനെ ബി.ജെ.പിയിലേക്ക് കൂടുതൽ അടുപ്പിക്കുമെന്ന് പാർട്ടി ദേശീയ നിർവാഹകസമിതി അംഗം അഡ്വ. ബിജിലി ജോസഫ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.