അതിർത്തിതർക്കം: ഇന്ത്യ-ചൈന 15ാംവട്ട സൈനിക ചർച്ച 11ന്

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അവശേഷിക്കുന്ന സംഘർഷമേഖലകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും ചൈനയും വെള്ളിയാഴ്ച 15ാം വട്ട ഉന്നതതല സൈനികചർച്ച നടത്തുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇതുവരെയുള്ള ചർച്ചകളിൽ നോർത്ത്, സൗത്ത് ബാങ്ക് ഓഫ് പാംഗോങ് സോ, ഗാൽവാൻ, ഗോഗ്ര ഹോട്ട് സ്പ്രിങ് മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. എന്നാൽ, കിഴക്കൻ ലഡാക്കിലെ അതിർത്തിസംഘർഷത്തിന് പരിഹാരം തേടി ജനുവരി 12ന് നടന്ന 14ാം വട്ട ചർച്ചയിൽ പക്ഷേ, കാര്യമായ ​പുരോഗതി ഉണ്ടായിരുന്നില്ല.

22 മാസമായി തുടരുന്ന സംഘർഷത്തിന് അറുതിവരുത്താൻ വെള്ളിയാഴ്ച ലഡാക്കിലെ ചുഷുൽ മോൾഡോയിലാണ് ഇരുപക്ഷവും ചർച്ച നടത്തുക. പ്രശ്നപരിഹാരം മുൻനിർത്തി ഇരുപക്ഷവും സമീപകാലത്ത് നടത്തിയ പ്രസ്താവനകൾ പ്രോത്സാഹജനകവും ഗുണപരവുമാണെന്ന് സൈനികവൃത്തങ്ങൾ അഭിപ്രായപ്പെട്ടു. പട്രോളിങ് പോയന്റ് 15 (ഹോട്ട് സ്പ്രിങ്), ഡെപ്‌സാങ് ബൾജ്, ഡെംചോക്ക് തുടങ്ങിയ കിഴക്കൻ ലഡാക്കി​ലെ സംഘർഷ മേഖലകളിൽനിന്ന് ചൈന പിന്മാറണമെന്നാണ് ഇന്ത്യൻ നിലപാട്.

2020 മേയിൽ പാംഗോങ് തടാക മേഖലയിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന ബന്ധം വഷളായത്. എന്നാൽ, അടുത്തകാലത്തായി ഇന്ത്യ-ചൈന ബന്ധത്തിൽ ചില തിരിച്ചടികൾ ഉണ്ടായെന്നും ഇത് ഇരുരാജ്യങ്ങളുടെയും അടിസ്ഥാന താൽപര്യമല്ലെന്നുമുള്ള ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ പ്രസ്താവന ഉഭയകക്ഷി സഹകരണത്തിൽ വലിയ പ്രതീക്ഷയാണ് മുന്നോട്ടുവെക്കുന്നത്. ചൈനയും ഇന്ത്യയും പരസ്പരം എതിർക്കുന്നതിന് പകരം പരസ്പരം പങ്കാളികളാകണമെന്നും വാങ് യി പറഞ്ഞിരുന്നു.

Tags:    
News Summary - Border dispute: India-China 15th round of military talks on November 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.