ബംഗളൂരു: ആർത്തവ, പ്രസവാനന്തര കാലം തുമകുരു ജില്ലയിൽ ബിസാഡിഹള്ളി ഗ്രാമത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതത്തിൽ കേന്ദ്ര മനുഷ്യാവകാശ കമീഷൻ ഇടപെടൽ.
പരിഷ്കൃത സമൂഹത്തിന് ചേരാത്ത ഇത്തരം അനാചാരങ്ങൾ തുടരുന്നത് സംബന്ധിച്ച് നാലാഴ്ചക്കകം വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ കർണാടക ഗവ. ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ നിർദേശിച്ചു. കഡു ഗൊള്ള സമുദായക്കാരിലാണ് അയിത്താചരണം. പ്രസവിച്ചാൽ പിന്നെയുള്ള മൂന്നു മാസം വീട്ടിൽ കയറ്റില്ല. ആർത്തവക്കാരികൾക്ക് മൂന്നു ദിവസമാണ് അയിത്തം.
സംസ്ഥാന ആസ്ഥാനത്തുനിന്ന് റോഡ് മാർഗം ഒന്നര മണിക്കൂർ സഞ്ചരിച്ചാൽ അനാചാരത്തിന്റെ കൂരകളിൽ പാർക്കുന്ന ചോരപ്പൈതങ്ങളുടെ കരച്ചിലും മുലയൂട്ടുന്ന അമ്മമാരുടെ തേങ്ങലും കേൾക്കാം. സർക്കാർ പണിത കൃഷ്ണകുടീരങ്ങളുടെ തറയിലും കാണാം കണ്ണീരും അമ്മിഞ്ഞയും ഒരേസമയം ചുരത്തുന്ന സ്ത്രീകളെ. ഇവരെല്ലാം പ്രസവം വരെ അവരവരുടെ വീടകങ്ങളിലെ സൗകര്യങ്ങളിൽ കഴിഞ്ഞവർ.
തൊവിനക്കര പഞ്ചായത്തിൽ ഈ സമുദായത്തിലെ 50 കുടുംബങ്ങളുണ്ട്. ഈ വീടുകളിൽ ഒന്നിലെ 19കാരി രചിത കന്നിപ്രസവത്തിലെ കൺമണിയുമായി കൃഷ്ണകുടീര കെട്ടിടത്തിന്റെ തറയിൽ തൊണ്ണൂറ് ദിനങ്ങൾക്കപ്പുറത്തെ പ്രഭാതം സ്വപ്നംകണ്ട് ദുരിതം താണ്ടുന്ന ദുരിതക്കാഴ്ച ‘മാധ്യമം’ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകൾ അടിസ്ഥാനമാക്കി സ്വമേധയാ കേസെടുത്താണ് മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ.
‘ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിനെ നെഞ്ചോടുചേർത്ത് കരയുമ്പോൾ അനാചാര വിലക്ക് മുറിച്ച് വീട്ടിലേക്ക് ചെല്ലൂ എന്ന് മനസ്സ് കലഹിക്കും. അതുമൂലം ഉറ്റവർക്ക് സംഭവിക്കാവുന്ന അപായം ഓർത്ത് ശാന്തതയിലേക്ക് ചായും’ -രചിതയുടെ മൊഴി കമീഷൻ നോട്ടീസിൽ അതേപടി ഉദ്ധരിക്കുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ കോരിച്ചൊരിയുന്ന മഴയത്ത് ഒറ്റമുറി കൂരയിൽ അമ്മക്കൊപ്പം കഴിഞ്ഞ പിഞ്ചുകുഞ്ഞ് തണുത്ത് വിറച്ച് മരിച്ചിരുന്നു. ഈ ആചാരം ഒന്ന് അവസാനിച്ചു കണ്ടാൽ മതിയായിരുന്നു എന്നാണ് കോളജ് വിദ്യാർഥിനിയായ അയിത്താചരണ സമുദായാംഗം ഹേമലത അഭിപ്രായപ്പെട്ടിരുന്നത്. ആർത്തവ കാലം മൂന്ന് ദിവസം വീട്ടിൽനിന്ന് പുറത്തു കഴിയേണ്ടി വന്നപ്പോൾ പാഠപുസ്തകം തൊടാൻപോലും വിലക്കായിരുന്നു.
സമഗ്ര വിവരങ്ങളടങ്ങിയ റിപ്പോർട്ട് ആവശ്യപ്പെട്ട കമീഷൻ സമാന അനാചാരങ്ങൾക്ക് എതിരെ നേരത്തേ മഹാരാഷ്ട്ര സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ഓർമിപ്പിച്ചു. 2013ലാണ് മഹാരാഷ്ട്ര സർക്കാറിന് കേന്ദ്ര മനുഷ്യാവകാശ കമീഷൻ നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.