‘നിങ്ങൾക്ക് തരാൻ എന്റെയടുത്ത് മസാലയില്ല’ -ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ബ്രിജ് ഭൂഷൺ; കാറിന്റെ ഡോർ വലിച്ചടച്ച് മൈക്ക് താഴെയിട്ടു

ന്യൂഡൽഹി: വനിത ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗിാതിക്രമം നടത്തിയെന്ന് ഡല്‍ഹി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനുപിന്നാലെ, മാധ്യമപ്രവർത്തകയോട് കയർത്ത് ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്​ ഭൂഷൺ ശരൺ സിങ്. ചോദ്യമുന്നയിക്കുന്നതിനി​ടെ കാറിന്റെ ഡോർ വലിച്ചടച്ച് ചാനൽ മൈക്കിന് കേടുവരുത്തുകയും ചെയ്തു. ടൈംസ് നൗ ചാനലിലെ മാധ്യമപ്രവർത്തക തേജ്ശ്രീ പുരന്ദരെയോടാണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് ഇയാൾ മോശമായി പെരുമാറിയത്.

കുറ്റപത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘നിങ്ങൾക്ക് തരാൻ എന്റെ പക്കൽ മസാലയൊന്നുമില്ല’ (മേരെ പാസ് അപ്‌കെ ലിയേ കുച്ച് മസാല നഹി ഹേ) എന്നാണ് മാധ്യമപ്രവർത്തകയോട് ബ്രിജ്ഭൂഷൺ പ്രതികരിക്കുന്നത്. രാജിവെക്കുമോ എന്ന് ചോദിച്ചപ്പോൾ സിങ് പൊട്ടിത്തെറിച്ചു. ‘ഞാൻ എന്തിന് രാജിവെക്കണം? എന്തടിസ്ഥാനത്തിലാണ് നിങ്ങൾ രാജി ആവശ്യപ്പെടുന്നത്? മിണ്ടാതിരിക്കൂ..’ എന്നായിരുന്നു മറുപടി.

ബ്രിജ് ഭൂഷൺ കാറിൽ കയറുന്നതിനിടെ തേജ്ശ്രീ പുരന്ദരെ ചോദ്യം ഉന്നയിക്കുന്നത് തുടർന്നു. അതിനിടെ വാതിൽ വലിച്ചടച്ചപ്പോൾ പുരന്ദരെയുടെ മൈക്ക് ഉള്ളിൽ കുടുങ്ങുകയും നിലത്തുവീഴുകയുമായിരുന്നു.

വനിത ഗുസ്തി താരങ്ങൾക്കെതിരെ ബ്രിജ്​ ഭൂഷൺ ശരൺ സിങ്​ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും ​ കേസില്‍ വിചാരണ നേരിടണമെന്നുമാണ് ഡല്‍ഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ഒരു താരം തുടര്‍ച്ചയായി അതിക്രമം നേരിടേണ്ടി വന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസിൽ 108 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഇതിൽ 15 പേര്‍ പരിശീലകരാണ്​. അന്വേഷണത്തിനിടെ റഫറിമാര്‍ ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ചു. കേസില്‍ ബ്രിജ് ഭൂഷണേയും സാക്ഷികളെയും വിസ്തരിക്കണമെന്നും ശിക്ഷിക്കണമെന്നും ഡല്‍ഹി പോലീസ് കോടതിയോട് അഭ്യർഥിച്ചു. ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിഷേധിച്ചതായി കുറ്റപത്രത്തിലുണ്ട്.

ആറു വനിത ഗുസ്തി താരങ്ങളുടെ പരാതിയിൽ ഡൽഹി കൊണാട്ട്​​പ്ലേസ്​ പൊലീസ്​ സ്​റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂൺ 15നാണ്​ 1,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്​. നിരവധി തെളിവുകള്‍ കണ്ടെത്തിയതായും ബ്രിജ്​ ഭൂഷൺ ജൂലൈ 18ന്​ നേരിട്ട്​ ഹാജരാകണമെന്നും ഡൽഹി റോസ്​ അവന്യു കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

Tags:    
News Summary - Brij Bhushan Singh snaps at Times Now journalist, slams car door on her mic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.