ന്യൂഡൽഹി: ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ യാദവിന് കാലിടറുന്നു. ഗുസ്തി താരങ്ങൾ നൽകിയ പരാതിപ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്തുവരുകയും പ്രതിഷേധം അതിശക്തമാവുകയും ചെയ്തതോടെ, സംരക്ഷണം നൽകിവന്ന സർക്കാറിനു മുമ്പിലും വഴി അടയുന്നു. രാജിക്കും അറസ്റ്റിനും സാധ്യതയേറി.
ഗുസ്തി താരങ്ങളുടെ സമരത്തെ ഹിന്ദു സന്യാസിമാരെ ഇറക്കി തടയാമെന്ന ധാരണയിൽ തിങ്കളാഴ്ച അയോധ്യയിൽ നടത്താനിരുന്ന ജനചേതന മഹാറാലി ബ്രിജ്ഭൂഷൺ റദ്ദാക്കി. സുപ്രീംകോടതി നിർദേശം നിലനിൽക്കുന്നുവെന്ന വിശദീകരണത്തോടെയാണിതെങ്കിലും, പാർട്ടി ഉന്നത നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണിത്. മൗനം പാലിക്കാൻ എം.പിയോട് പാർട്ടി നിർദേശിച്ചെന്നാണ് സൂചന.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി അടക്കം ഏഴു പേരുടെ പരാതി പ്രകാരം ന്യൂഡൽഹി കോണാട്ട്പ്ലേസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകൾ ബ്രിജ്ഭൂഷൺ നടത്തിയ കടുത്ത പീഡനങ്ങൾ വിവരിക്കുന്നുണ്ട്. ഇന്ത്യയിലും പുറത്തും മത്സരങ്ങളിൽ പങ്കെടുക്കാനായി നടത്തിയ യാത്രകൾക്കിടയിൽ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാൻ നിർബന്ധിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബലാത്കാരമായി കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് വനിത ഗുസ്തി താരങ്ങളുടെ മൊഴി.
ആറു താരങ്ങൾ ഒന്നിച്ചും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വേണ്ടി പിതാവ് പ്രത്യേകമായും മൊഴി നൽകിയതു പ്രകാരമാണ് രണ്ട് എഫ്.ഐ.ആർ. രണ്ടാമത്തെ പരാതിയിന്മേൽ പോക്സോ നിയമപ്രകാരവും രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ആഴ്ചകൾക്കു ശേഷവും അറസ്റ്റു ചെയ്യാൻ പൊലീസ് മടിക്കുന്നതിനിടയിലാണ്, എഫ്.ഐ.ആർ ഉള്ളടക്കം പുറത്തുവന്നത്.
ലൈംഗിക പീഡനത്തിന് തെളിവു നൽകിയാൽ രാജിവെക്കാമെന്ന ബ്രിജ്ഭൂഷണിന്റെ വിചിത്ര വിശദീകരണത്തിൽ തൃപ്തിപ്പെട്ടു നിന്ന ബി.ജെ.പിക്കും സർക്കാറിനും ഇത് തിരിച്ചടിയായി. ഇന്ത്യക്കു വേണ്ടി 1983ൽ ക്രിക്കറ്റ് ലോകകപ് നേടിയ കപിൽ ദേവ്, സുനിൽ ഗവാസ്കർ, കീർത്തി ആസാദ്, റോജർ ബിന്നി തുടങ്ങിയ താരങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചത് സർക്കാറിൽ സമ്മർദം കൂട്ടിയിട്ടുണ്ട്.
വൻ പ്രതിഷേധം ഉയർത്തിയ ബ്രിജ്ഭൂഷൺ സംഭവം സ്ത്രീ വോട്ടിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്ന് പാർട്ടിയുടെ വനിത നേതാക്കളിൽ ചിലർ നേതൃത്വത്തെ ധരിപ്പിച്ചിട്ടുമുണ്ട്.
കുരുക്ഷേത്ര(ഹരിയാന): ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മേധാവിയും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റുചെയ്യണമെന്ന് കുരുക്ഷേത്രയിൽ ചേർന്ന ഖാപ് മഹാ പഞ്ചായത്ത് ആവശ്യപ്പെട്ടു.
അറസ്റ്റിനായി സർക്കാറിന് ജൂൺ ഒമ്പതുവരെ സമയം നൽകുകയാണെന്നും പഞ്ചായത്ത് വ്യക്തമാക്കി. ഗുസ്തിക്കാരുടെ പ്രശ്നത്തിൽ അടുത്തഘട്ടത്തിൽ സ്വീകരിക്കേണ്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തുവെന്ന് ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടികായത് പറഞ്ഞു.
ജൂൺ ഒമ്പതിനകം നടപടിയുണ്ടായില്ലെങ്കിൽ രാജ്യമാകെ പഞ്ചായത്തുകൾ ചേർന്ന് സമരം ശക്തിപ്പെടുത്തുകയും ഗുസ്തിക്കാർ ജന്തർ മന്തറിലേക്ക് സമരത്തിനായി മടങ്ങുകയും ചെയ്യും -ടികായത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.