ന്യൂഡൽഹി: ബലാത്സംഗ കേസിലെ പ്രതിയോട് അതിജീവിതയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്ക് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട് കത്ത് അയച്ചു. ചീഫ് ജസ്റ്റിസിന്‍റെ ചോദ്യവും പരാമര്‍ശവും പിന്‍വലിക്കണം എന്നാണ് വൃന്ദയുടെ ആവശ്യം. പോക്സോ കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ച ബോംബെ ഹൈകോടതി ഔറംഗബാദ് ബെഞ്ചിന്‍റെ വിധി ശരിവെക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പോക്സോ കേസ് പ്രതിയായ സർക്കാർ ഉദ്യോഗസ്ഥൻ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് വിവാദമായ പരാമർശം ഉണ്ടായത്. നാല് ആഴ്ച ഇയാളുടെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി പിന്നീട് വിചാരണക്കോടതിയെ സമീപിക്കാനും ഉത്തരവിട്ടു.
'16 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ആ ക്രിമിനല്‍ ബലാത്സംഗം ചെയ്തത്. 12 തവണ ആ പെണ്‍കുട്ടിയെ അയാള്‍ പീഡിപ്പിച്ചു. ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. അതുകൊണ്ടുതന്നെ ആ ബന്ധം കുട്ടിയുടെ സമ്മതത്തോടെയായിരുന്നുവെന്ന് എങ്ങനെ പറയാന്‍ കഴിയും? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം സമ്മതം എന്നതിന് ഒരു പ്രസക്തിയുമില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിക്ക് താൽപര്യമില്ലെങ്കിൽ പോലും വിവാഹം ചെയ്യാമെന്ന ഉറപ്പുനല്‍കിയാല്‍ ശിക്ഷിക്കപ്പെടില്ലെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിന്‍റെ പരാമര്‍ശം നല്‍കുന്നത്. ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ചീഫ് ജസ്റ്റിസ് മനസ്സിലാക്കണം.
ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീയെ മോശം സ്ത്രീ ആയാണ് സമൂഹം കാണുന്നത്. പീഡിപ്പിച്ചയാള്‍ തന്നെ ആ സ്ത്രീയെ വിവാഹം ചെയ്താല്‍ സമൂഹത്തിന്‍റെ സ്വീകാര്യത ലഭിക്കുന്നു. ഇത്തരം തെറ്റായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് കോടതിയുടെ പരാമര്‍ശം. ബലാത്സംഗ കേസുകളില്‍ അനുഭാവപൂര്‍വം പരിഗണിക്കേണ്ടത് ഇരകളെയാണ്, പ്രതികളെയല്ല. എന്നാൽ ഈ കേസിൽ പ്രതിയെ സംരക്ഷിക്കുന്ന നടപടിയാണ് കോടതിയിൽ നിന്ന് ഉണ്ടായതെന്നും വൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.
18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം പോക്സോ വകുപ്പിലാണ് വരിക എന്നതിനാല്‍ കൂടുതല്‍ ഗുരുതരമായ കുറ്റമാണത്. അത്തരമൊരു കേസിലാണ് ഇരയെ വിവാഹം ചെയ്യാന്‍ തയ്യാറാണെങ്കില്‍ കോടതിക്ക് സഹായിക്കാന്‍ പറ്റും, അല്ലെങ്കില്‍ ജോലി പോകും ജയിലില്‍ പോകേണ്ടിയും വരുമെന്ന് കോടതി പ്രതിയോട് പറഞ്ഞത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഭാഗത്തുനിന്നാണ് ഇത്തരത്തിൽ ഒരു നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.