ജാലിയൻ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് അധികൃതര്‍ മാപ്പ് പറയണമെന്ന ആവശ്യം രാജ്യത്ത് വീണ്ടും ഉയരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് അധികാരമേറ്റ ചാള്‍സ് മൂന്നാമന്‍ രാജാവ് സംഭവത്തില്‍ മാപ്പ് പറയണമെന്നാണ് പുതിയ ആവശ്യം. ജാലിയൻ വാലാബാഗ് ശഹീദ് പരിവാർ സമിതി (ജെ.ബി.എസ്.പി.എസ്) വെള്ളിയാഴ്ച യോഗം ചേര്‍ന്നാണ് ആവശ്യം ഉന്നയിച്ചത്. ഇതിനുമുമ്പും പലതവണ അവർ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
1919 ഏപ്രിൽ 13ന് ബ്രിട്ടീഷ് സൈന്യം നൂറുകണക്കിന് സ്ത്രീപുരുഷന്മാരെയും കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ മാപ്പ് പറയണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബ്രിട്ടീഷ് രാജകുടുംബമോ ബ്രിട്ടീഷ് സർക്കാരോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൊലപാതകത്തിന് മാപ്പ് ചോദിച്ചിട്ടില്ലെന്നാണ് പരാതി. ''ഞങ്ങൾ ഇപ്പോൾ ചാൾസ് രാജാവിനോട് ഔപചാരികമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നു'' -ജെ.ബി.എസ്.പി.എസ് പ്രസിഡന്റ് മഹേഷ് ബെഹൽ പറഞ്ഞു.
''എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ഞങ്ങൾ അനുശോചനം രേഖപ്പെടുത്തുന്നു. എന്നാൽ അതേസമയം നൂറുകണക്കിന് പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അവര്‍ മാപ്പ് ചോദിച്ചില്ല എന്ന് ചിന്തിക്കുമ്പോൾ ഞങ്ങളുടെ ഹൃദയം വേദനിക്കുന്നു'' -മഹേഷ് ബെഹൽ പറഞ്ഞു.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് 1997ൽ എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ജെ.ബി.എസ്.പി.എസ് ഡൽഹിയിലെ രാജ്ഘട്ടില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്ത്യാ സന്ദർശന വേളയിൽ രാജ്ഞി ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല പരാമർശിക്കുകയുണ്ടായി- ''നമ്മുടെ ഭൂതകാലത്തിൽ വളരെ സങ്കടകരമായ ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. അതൊരു രഹസ്യമല്ല. ജാലിയൻ വാലാബാഗ് ഒരു ഉദാഹരണമാണ്''.ബ്രിട്ടനിലെ സര്‍ക്കാരോ രാജകുടുംബമോ സംഭവത്തില്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.