ബംഗളൂരു: ബി.ജെ.പി കാർക്കള എം.എൽ.എയും മുൻ സാംസ്കാരിക മന്ത്രിയുമായ വി. സുനിൽകുമാറിന് പരിഹാസ ശരവുമായി കോൺഗ്രസിന്റെ സമൂഹമാധ്യമ പോസ്റ്റ്. കാർക്കളയിലെ പരശുരാമ തീം പാർക്കിലെ പ്രതിമ വിവാദത്തിലാണ് പോസ്റ്റ്. പരശുരാമന്റെ ‘വെങ്കല പ്രതിമ’ കണ്ടെത്തുന്നവർക്ക് സമൂഹമാധ്യമമായ എക്സിൽ കോൺഗ്രസ് വൻ തുകയാണ് ഇനാം പ്രഖ്യാപിച്ചത്.
കാർക്കള ബൈലൂരിൽ ഉമികൽ പാറക്കു സമീപമാണ് ബി.ജെ.പി നേതൃത്വത്തിൽ പരശുരാമ തീം പാർക്ക് സ്ഥാപിക്കുന്നത്. പാർക്കിൽ പരശുരാമ പ്രതിമ സ്ഥാപിച്ചത് വെങ്കലം എന്ന വ്യാജേന ഫൈബറിലാണെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
വി. സുനിൽകുമാർ എം.എൽ.എക്കെതിരെയാണ് ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുന്നത്. ഹിന്ദുക്കളെ വഞ്ചിച്ച സുനിൽകുമാർ സ്ഥാനം രാജിവെക്കണം എന്ന ആവശ്യവുമായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കും രംഗത്തുണ്ട്. 10 കോടി രൂപ സർക്കാർ ചെലവിൽ സ്ഥാപിച്ച പാർക്കിലെ പരശുരാമൻ പ്രതിമ അറ്റകുറ്റപ്പണികൾക്കായി എടുത്തു മാറ്റിയ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇതിനെ പരിഹസിച്ചാണ് കോൺഗ്രസ് പോസ്റ്റ്.
‘ബി.ജെ.പിയിലെ അഴിമതി പരശുരാമന്റെ പ്രതിമയെപ്പോലും വെറുതെ വിടുന്നില്ല. 14 കോടി ചെലവഴിച്ച് ബി.ജെ.പി സർക്കാർ സ്ഥാപിച്ച പ്രതിമ കാണാതായിരിക്കുന്നു. കാണാതായ ‘വെങ്കല പ്രതിമ’ കണ്ടെത്തുന്നവർക്ക് അർഹമായ പ്രതിഫലം നൽകുന്നതാണ്.
ഫൈബർ പ്രതിമകൾ വെങ്കല പ്രതിമകളായി പരിഗണിക്കപ്പെടില്ല’ -കോൺഗ്രസ് പരിഹാസരൂപേണ കുറിച്ചു. പ്രതിമ സംബന്ധിച്ച വിവാദമുയർന്നതിനു പിന്നാലെ ഒക്ടോബർ 13ന് രാവിലെയാണ് ഇത് കാണാതായത്.
തലേദിവസം രാത്രിയോടെ ഇത് അഴിച്ചുമാറ്റിയെന്നാണ് വിവരം. പരശുരാമന്റെ കൂറ്റൻ പ്രതിമ പാർക്കിൽ സ്ഥാപിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സുനിൽകുമാർ ശനിയാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവാദം ഉയർന്നശേഷം ആദ്യമായാണ് സുനിൽകുമാർ ഈ വിഷയത്തിൽ പ്രതികരണം നൽകുന്നത്. ഇടതു സ്വാധീനമുള്ള കോൺഗ്രസിന്റെയും അർബൻ നക്സലുകളുടെയും ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം വിവാദ പ്രതിമയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ യുവമോർച്ച പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് കാർക്കളയിലെ കെ. അൽബാസ് (26) കാർക്കള പൊലീസിൽ പരാതി നൽകി. ബി.ജെ.പി യുവമോർച്ച നേതാക്കളുടെ നേതൃത്വത്തിൽ ഒരു സംഘം വളഞ്ഞ് തന്നെ വലിച്ചിഴച്ചശേഷമായിരുന്നു അക്രമങ്ങളെന്ന് പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.