ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ബി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിത രണ്ടാംവട്ട ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്പാകെ ഹാജരായില്ല. പകരം ബി.ആർ.എസ് ജനറൽ സെക്രട്ടറി സോമഭാരത് കുമാറാണ് ഇ.ഡി ഓഫിസിലെത്തിയത്. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ സോമ ഭാരത് കൈമാറി. ഇതിന് പിന്നാലെ മാർച്ച് 20ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കവിതക്ക് സമൻസ് അയച്ചു.
മാർച്ച് 11ന് കവിതയെ ഇ.ഡി ഒമ്പത് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തുടർന്ന് മാർച്ച് 16ന് ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് ലഭിച്ച സമൻസിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടാത്തതിനാൽ തന്റെ പ്രതിനിധിയെ അയക്കുകയാണെന്ന് ഇ.ഡിക്ക് നൽകിയ കത്തിൽ കവിത വ്യക്തമാക്കി. സുപ്രീംകോടതിയുടെ മുമ്പാകെ തുടർ നടപടികൾ നടക്കുന്നതിനാൽ അതിന്റെ ഫലം കാത്തിരിക്കണം. ചോദ്യം ചെയ്യലിന് എന്റെ വസതിയിലേക്ക് ഇ.ഡി ഉദ്യോഗസ്ഥരെ ക്ഷണിച്ചിരുന്നു. വിഡിയോ, ഓഡിയോ വഴി ചോദ്യം ചെയ്യാനും ആവശ്യപ്പെട്ടിരുന്നുവെന്നും കത്തിൽ പറയുന്നു. ഇ.ഡിയുടെ നടപടിയെ ചോദ്യം ചെയ്ത് കവിത സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. സ്ത്രീകളെ ചോദ്യം ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ഇ.ഡി പാലിക്കുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. ഹരജി ഈ മാസം 24ന് സുപ്രീംകോടതി പരിഗണിക്കും. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.