ബംഗളൂരു: പോക്സോ കേസിൽ അന്വേഷണം നേരിടുന്ന ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റിന് (സി.ഐ.ഡി) ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹാജരാകാൻ യെദിയൂരപ്പക്ക് സി.ഐ.ഡി നോട്ടിസ് നൽകിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം അറസ്റ്റ് ഭയന്ന് യെദിയൂരപ്പ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. ബുധനാഴ്ചയാണ് സി.ഐ.ഡി യെദിയൂരപ്പക്ക് നോട്ടിസ് അയച്ചത്. നിലവിൽ ഡൽഹിയിലാണെന്നും ഈ മാസം 17ന് മാത്രമേ ചോദ്യംചെയ്യലിന് ഹാജരാകാനാകൂ എന്നും യെദിയൂരപ്പ അഭിഭാഷകൻ മുഖേന മറുപടി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവിനോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാർച്ച് 14ന് സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അർബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.