അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലക്ക് സമീപം 11 പാക് മത്സ്യബന്ധനബോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ സൈന്യത്തിന്‍റെ സംയുക്ത തിരച്ചിൽ തുടരുന്നു. അതിർത്തിരക്ഷാസേന, വ്യോമസേന, ഗുജറാത്ത് തീരദേശ പൊലീസ് എന്നിവയാണ് തിരച്ചിൽ നടത്തുന്നത്. വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ മൂന്നിടങ്ങളിൽ ഹെലികോപ്ടർ മാർഗം വിന്യസിച്ചിട്ടുണ്ട്. കണ്ടൽകാടുകൾ നിറഞ്ഞ ചതുപ്പു പ്രദേശത്ത് തിരച്ചിൽ ദുഷ്കരമാണ്.
വ്യാഴാഴ്ച ബി.എസ്.എഫ് നടത്തിയ പെട്രോളിങ്ങിനിടെയാണ് ഗുജറാത്തിലെ കച്ച് ജില്ലക്ക് സമീപം ഭുജ് തീരത്തെ കടലിടുക്കിൽ പാക് മത്സ്യബന്ധനബോട്ടുകൾ കണ്ടെത്തിയത്. ബോട്ടിലെത്തിയവർ കരയിലേക്ക് പ്രവേശിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് വ്യാപക തിരച്ചിൽ ആരംഭിച്ചത്.
ഇന്ത്യ-പാക് സമുദ്രാതിർത്തിയിലെ ഹറാമി നാലാ കടലിടുക്കിലാണ് സംഭവം. പട്രോളിങ്ങിനിടെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ മത്സ്യബന്ധന ബോട്ടുകൾ ബി.എസ്.എഫിന്റെ ശ്രദ്ധയിൽപെടുന്നത്. പിന്നാലെ കുതിച്ചെത്തിയ സൈന്യം ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബോട്ടുകളിൽ എത്തിയവർ സേനയുടെ നീക്കം തിരിച്ചറിഞ്ഞ് പാക് ഭാഗത്തേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. സമുദ്രാതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമമാണെന്നും സംശയമുണ്ട്. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കും നിരോധനമുള്ള സുരക്ഷാമേഖലയാണ് ഹറാമി നാലാ കടലിടുക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.