'ക്ഷമിക്കണം, മറ്റൊരു വഴിയുമില്ല'; ബി.എസ്.പി വിട്ട് ആർ. എസ് പ്രവീൺ കുമാർ

ഹൈദരാബാദ്: ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) തെലങ്കാന പ്രസിഡൻ്റ് ഡോ .ആർ. എസ് പ്രവീൺ കുമാർ രാജിവെച്ചു. ക്ഷമിക്കണമെന്നും തനിക്ക് മുന്നിൽ മറ്റൊരു വഴിയുമില്ലെന്ന സന്ദേശത്തോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ ബി.എസ്.പിക്ക് നൽകാൻ ഭാരതീയ രാഷ്ട്ര സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് കുമാറിന്റെ രാജി. തന്റെ നേതൃത്വത്തിൽ തെലങ്കാനയിൽ അടുത്തിടെ എടുത്ത തീരമാനങ്ങൾ മൂലം പാർട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താൻ തനിക്ക് പ്രയാസമുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു.അതേ സമയം ചില അടിസ്ഥാന തത്വങ്ങളിലും വ്യക്തിപരമായ സ്വഭാവത്തിലും വിട്ടുവീഴ്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും കുറ്റപ്പെടുത്താനോ തന്നിൽ വിശ്വസിച്ചവരെ ചതിക്കാനോ താത്പര്യമില്ലെന്നും മായാവതിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് അഞ്ചിന് മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ബി.എസ്.പി ബി.ആർഎസുമായി സഖ്യത്തിലെത്താൻ തീരുമാനിച്ചത്. എന്നാൽ കെ. കവിതയുടെ അറസ്റ്റിന് ശേഷം ബി.ആർ.എസുമായുള്ള സഖ്യം തകർക്കാൻ തനിക്ക് സമ്മർദമുണ്ടായിരുന്നതായി പ്രവീൺ കുമാർ പറഞ്ഞു.

Tags:    
News Summary - BSP telangana chief leaves party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.