സിൽക്യാരയിലെ രക്ഷകന്‍റെ വീടും ഇടിച്ചു നിരത്തി ഡി.ഡി.എയുടെ ബുൾഡോസറുകൾ

ന്യൂഡൽഹി: ഓർമയില്ലേ മുന്ന ഖുറേഷിയും വഖീൽ ഹസനും മോനു കുമാറും ഫിറോസും പ്രസാദി ലോധിയും വിപിൻ രാജ്പുതും അടങ്ങിയ റാറ്റ് ഹോൾ മൈനേഴ്സ് സംഘത്തെ? ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട 41 തൊഴിലാളികളെ പുതുജീവിതത്തിലേക്ക് എത്തിച്ച് ഹീറോകളായി മാറിയ ഖനി തൊഴിലാളികളെ. പ്രതിഫലം പോലും വേണ്ടെന്ന് പറഞ്ഞ് തങ്ങളുടെ സാഹസികത രാജ്യത്തിന് സമർപ്പിച്ച സംഘത്തിന്‍റെ തലവനായ വഖീൽ ഹസന്‍റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരിക്കുകയാണ് ഡൽഹി വികസന അതോറിറ്റി. വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അധികൃതരുടെ നടപടി.

'സിൽക്യാരയിൽ 41 പേരെ രക്ഷിച്ചതിന്‍റെ പ്രതിഫലമായി ഞങ്ങൾക്ക് ലഭിച്ചത് ഇതാണ്' -തകർന്ന വീടിന് മുന്നിൽ നിന്ന് വഖീൽ ഹസൻ പറയുന്നു. 'ഈ വീട് ഞങ്ങൾക്ക് തന്നെ നൽകാൻ അധികൃതരോടും സർക്കാരിനോടും നേരത്തെ അഭ്യർഥിച്ചിരുന്നു. ഫലമുണ്ടായില്ല. ഇന്ന് മുൻകൂട്ടിയുള്ള ഒരു അറിയിപ്പുമില്ലാതെ ഡി.ഡി.എ അധികൃതരെത്തി വീട് തകർക്കുകയായിരുന്നു' -ഒരിക്കൽ രാജ്യത്തിന്‍റെ ഹീറോയായ ആ തൊഴിലാളി പറഞ്ഞു.


താനും കുടുംബവും താമസിക്കുന്ന വീടും സ്ഥലവുമെല്ലാം തകർക്കുന്നതിന്‍റെ വിഡിയോ വഖീൽ ഹസൻ പങ്കുവെച്ചിരുന്നു. ഇതിനെ കുറിച്ച് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോകുമെന്നും വിഡിയോയിൽ അദ്ദേഹം പറയുന്നുണ്ടായിരുന്നു. റാറ്റ് ഹോൾ മൈനേഴ്സ് സംഘത്തിലെ മറ്റൊരു അംഗമായ മുന്ന ഖുറേഷിക്കൊപ്പമാണ് വഖീൽ ഹസൻ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ എത്തിയത്. എന്നാൽ, തങ്ങളെ പൊലീസ് മർദിക്കുകയാണുണ്ടായതെന്ന് ഇവർ പറയുന്നു.

എന്നാൽ, അനധികൃതമായി നിർമിച്ച കെട്ടിടങ്ങളാണ് തകർത്തതെന്നും അധികൃതർക്ക് സുരക്ഷയൊരുക്കുകയാണ് തങ്ങൾ ചെയ്തതെന്നും ഡൽഹി പൊലീസ് പറയുന്നു. മേഖലയുടെ ആസൂത്രണ വികസന പദ്ധതിയുടെ ഭാഗമായാണ് അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റിയതെന്ന് ഡൽഹി വികസന അതോറിറ്റിയും പറയുന്നു.

സിൽക്ക്യാരയിൽ രക്ഷകരായ ഖനിത്തൊഴിലാളി സംഘത്തിലെ വഖീൽ ഹസൻ ഉൾപ്പെടെ അഞ്ച് തൊഴിലാളികൾ ഡൽഹി ഖജൂരി ഖാസ് സ്വദേശികളാണ്. മറ്റുള്ളവർ യു.പിയിലെ ബുലന്ദ്ശഹറിൽ നിന്നുള്ളവരും. ആധുനിക യ​ന്ത്ര​ങ്ങൾ പോലും പരാജയപ്പെട്ടിടത്താണ് കൈ​ക്ക​രു​ത്തും മനക്കരുത്തും കൈമുതലാക്കി ഇവർ തുരങ്കത്തിനകത്തേക്ക് തുരന്ന് കടന്ന് ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചത്.

32 ഇ​ഞ്ച് ഇ​രു​മ്പ് കു​ഴ​ലി​ന​ക​ത്ത് മെ​യ്‍വ​ഴ​ക്ക​ത്തോ​ടെ എ​ലിയെ ​പോ​ലെ ക​യ​റി​യി​രു​ന്ന് ഉ​ളി​യും ചു​റ്റി​ക​യും ക​ര​ണ്ടി​യു​മാ​യി ഇ​രു​മ്പു​കു​ഴ​ൽ​പാ​ത​ക്കു​ള്ള അ​വ​സാ​ന മീ​റ്റ​റു​ക​ൾ തു​ര​ന്ന് ദൗ​ത്യം ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്, 17 ദി​വ​സ​മാ​യി തു​ര​ങ്ക​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ പു​റം​ലോ​ക​ത്തു​നി​ന്ന് ചെ​ന്നു​ക​ണ്ട ആ​ദ്യ​ത്തെയാൾ 29കാരനായ മു​ന്നാ ഖു​റൈ​ശി​യാ​യിരുന്നു. ഖു​റൈ​ശി​ക്കൊ​പ്പം തു​ര​ന്നു​കൊ​ണ്ടി​രു​ന്ന വ​ഖീ​ൽ ഹസ​ൻ, മോ​നു കു​മാ​ർ, ഫി​റോ​സ്, പ​ർ​സാ​ദി ലോ​ധി, വി​പി​ൻ റ​ജാ​വ​ത്ത് എ​ന്നി​വ​രും തു​ട​ർ​ന്ന് കു​ഴ​ൽ​പാ​ത​യി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടു​ത്തെ​ത്തി. മൂന്ന് ടീം ഷിഫ്റ്റുകളായി 24 മണിക്കൂറും ജോലി ചെയ്താണ് കുടുങ്ങിയ തൊഴിലാളികൾക്കടുത്തെത്തിയത്.

ഖ​നി​ക​ളി​ൽ എ​ലി​മാ​ളം പോ​​ലൊ​രു​ക്കു​ന്ന മ​ട​ക​ളി​ലൂ​ടെ ന​ട​ത്തുന്ന ഖ​ന​ന​മാ​ണ് ‘റാ​റ്റ് ഹോ​ൾ മൈ​നി​ങ്’. അപകടസാധ്യതയേറെയുള്ള ഈ ​ഖ​ന​ന രീ​തി നി​രോ​ധി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും യ​​ന്ത്രം തോ​ൽ​ക്കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഖ​നി​ക​ളി​ലും പൈ​പ്പ്​​ലൈ​നി​ടു​ന്ന പ്ര​വൃ​ത്തി​ക​ളി​ലും ഇ​പ്പോ​ഴും പ​യ​റ്റാ​റു​ണ്ട്.

Tags:    
News Summary - Bulldozer Action Against Rat Miner Wakeel Hassan, Whose Team Evacuated 41 Trapped Workers From Uttarkashi Tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.