സിൽക്യാരയിലെ രക്ഷകന്‍റെ വീടും ഇടിച്ചു നിരത്തി ഡി.ഡി.എയുടെ ബുൾഡോസറുകൾ
text_fieldsന്യൂഡൽഹി: ഓർമയില്ലേ മുന്ന ഖുറേഷിയും വഖീൽ ഹസനും മോനു കുമാറും ഫിറോസും പ്രസാദി ലോധിയും വിപിൻ രാജ്പുതും അടങ്ങിയ റാറ്റ് ഹോൾ മൈനേഴ്സ് സംഘത്തെ? ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട 41 തൊഴിലാളികളെ പുതുജീവിതത്തിലേക്ക് എത്തിച്ച് ഹീറോകളായി മാറിയ ഖനി തൊഴിലാളികളെ. പ്രതിഫലം പോലും വേണ്ടെന്ന് പറഞ്ഞ് തങ്ങളുടെ സാഹസികത രാജ്യത്തിന് സമർപ്പിച്ച സംഘത്തിന്‍റെ തലവനായ വഖീൽ ഹസന്‍റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരിക്കുകയാണ് ഡൽഹി വികസന അതോറിറ്റി. വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അധികൃതരുടെ നടപടി.
'സിൽക്യാരയിൽ 41 പേരെ രക്ഷിച്ചതിന്‍റെ പ്രതിഫലമായി ഞങ്ങൾക്ക് ലഭിച്ചത് ഇതാണ്' -തകർന്ന വീടിന് മുന്നിൽ നിന്ന് വഖീൽ ഹസൻ പറയുന്നു. 'ഈ വീട് ഞങ്ങൾക്ക് തന്നെ നൽകാൻ അധികൃതരോടും സർക്കാരിനോടും നേരത്തെ അഭ്യർഥിച്ചിരുന്നു. ഫലമുണ്ടായില്ല. ഇന്ന് മുൻകൂട്ടിയുള്ള ഒരു അറിയിപ്പുമില്ലാതെ ഡി.ഡി.എ അധികൃതരെത്തി വീട് തകർക്കുകയായിരുന്നു' -ഒരിക്കൽ രാജ്യത്തിന്‍റെ ഹീറോയായ ആ തൊഴിലാളി പറഞ്ഞു.
താനും കുടുംബവും താമസിക്കുന്ന വീടും സ്ഥലവുമെല്ലാം തകർക്കുന്നതിന്‍റെ വിഡിയോ വഖീൽ ഹസൻ പങ്കുവെച്ചിരുന്നു. ഇതിനെ കുറിച്ച് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോകുമെന്നും വിഡിയോയിൽ അദ്ദേഹം പറയുന്നുണ്ടായിരുന്നു. റാറ്റ് ഹോൾ മൈനേഴ്സ് സംഘത്തിലെ മറ്റൊരു അംഗമായ മുന്ന ഖുറേഷിക്കൊപ്പമാണ് വഖീൽ ഹസൻ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ എത്തിയത്. എന്നാൽ, തങ്ങളെ പൊലീസ് മർദിക്കുകയാണുണ്ടായതെന്ന് ഇവർ പറയുന്നു.
എന്നാൽ, അനധികൃതമായി നിർമിച്ച കെട്ടിടങ്ങളാണ് തകർത്തതെന്നും അധികൃതർക്ക് സുരക്ഷയൊരുക്കുകയാണ് തങ്ങൾ ചെയ്തതെന്നും ഡൽഹി പൊലീസ് പറയുന്നു. മേഖലയുടെ ആസൂത്രണ വികസന പദ്ധതിയുടെ ഭാഗമായാണ് അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റിയതെന്ന് ഡൽഹി വികസന അതോറിറ്റിയും പറയുന്നു.
സിൽക്ക്യാരയിൽ രക്ഷകരായ ഖനിത്തൊഴിലാളി സംഘത്തിലെ വഖീൽ ഹസൻ ഉൾപ്പെടെ അഞ്ച് തൊഴിലാളികൾ ഡൽഹി ഖജൂരി ഖാസ് സ്വദേശികളാണ്. മറ്റുള്ളവർ യു.പിയിലെ ബുലന്ദ്ശഹറിൽ നിന്നുള്ളവരും. ആധുനിക യന്ത്രങ്ങൾ പോലും പരാജയപ്പെട്ടിടത്താണ് കൈക്കരുത്തും മനക്കരുത്തും കൈമുതലാക്കി ഇവർ തുരങ്കത്തിനകത്തേക്ക് തുരന്ന് കടന്ന് ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചത്.
32 ഇഞ്ച് ഇരുമ്പ് കുഴലിനകത്ത് മെയ്വഴക്കത്തോടെ എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്പുകുഴൽപാതക്കുള്ള അവസാന മീറ്ററുകൾ തുരന്ന് ദൗത്യം ലക്ഷ്യത്തിലെത്തിച്ച്, 17 ദിവസമായി തുരങ്കത്തിൽ കഴിയുന്നവരെ പുറംലോകത്തുനിന്ന് ചെന്നുകണ്ട ആദ്യത്തെയാൾ 29കാരനായ മുന്നാ ഖുറൈശിയായിരുന്നു. ഖുറൈശിക്കൊപ്പം തുരന്നുകൊണ്ടിരുന്ന വഖീൽ ഹസൻ, മോനു കുമാർ, ഫിറോസ്, പർസാദി ലോധി, വിപിൻ റജാവത്ത് എന്നിവരും തുടർന്ന് കുഴൽപാതയിലൂടെ തൊഴിലാളികളുടെ അടുത്തെത്തി. മൂന്ന് ടീം ഷിഫ്റ്റുകളായി 24 മണിക്കൂറും ജോലി ചെയ്താണ് കുടുങ്ങിയ തൊഴിലാളികൾക്കടുത്തെത്തിയത്.
ഖനികളിൽ എലിമാളം പോലൊരുക്കുന്ന മടകളിലൂടെ നടത്തുന്ന ഖനനമാണ് ‘റാറ്റ് ഹോൾ മൈനിങ്’. അപകടസാധ്യതയേറെയുള്ള ഈ ഖനന രീതി നിരോധിക്കപ്പെട്ടുവെങ്കിലും യന്ത്രം തോൽക്കുന്ന ഘട്ടങ്ങളിൽ തൊഴിലാളികളെ ഉപയോഗിച്ച് ഖനികളിലും പൈപ്പ്ലൈനിടുന്ന പ്രവൃത്തികളിലും ഇപ്പോഴും പയറ്റാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.