മുംബൈ: ഡൽഹിയിലെ ജഹാംഗീർപുരിയിൽ ബുൾഡോസർ ഇടിച്ചുകയറ്റിയത് ഇന്ത്യൻ ഭരണഘടന, ജനാധിപത്യം, മതേതരത്വം എന്നിവയുടെ നെഞ്ചിലേക്കാണെന്ന് ഡോ. ബി.ആർ. അംബേദ്കറുടെ പൗത്രനും വഞ്ചിത് ബഹുജൻ അഗാഡി അധ്യക്ഷനുമായ പ്രകാശ് അംബേദ്കർ. രാജ്യത്ത് മുസ്‍ലിം, ദലിത്, പിന്നാക്ക വിഭാഗങ്ങൾക്കെതിരെ ബോധപൂർവമുള്ള സംഘടിത അതിക്രമങ്ങൾ വർധിച്ചുവരികയാണ്.
മസ്ജിദുകളിലെ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട ഭരണഘടനാവിരുദ്ധമായ വിദ്വേഷ പ്രസ്താവന നടത്തിയ രാജ് താക്കറെക്കെതിരെ മഹാരാഷ്ട്ര സർക്കാർ നിയമ നടപടി സ്വീകരിക്കാത്തത് ദുരൂഹമാണ്. യു.എ.പി.എ ചുമത്തി രാജ് താക്കറേക്കെതിരെ നടപടിയെടുക്കണമെന്നും പ്രകാശ് അംബേദ്കർ പറഞ്ഞു. ദലിത്, മുസ്‍ലിം, പിന്നാക്ക, ജനാധിപത്യ മഹാസഖ്യത്തിലെ ഘടക കക്ഷികൾക്കായി ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് മഹാരാഷ്ട്ര കമ്മിറ്റി മുംബൈയിൽ നടത്തിയ ഇഫ്താറിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‍ലിം ലീഗ്, ആർ.ജെ.ഡി ഉൾപ്പെടുന്ന മഹാസഖ്യത്തിന്റെ നേതാവ് കൂടിയാണ് പ്രകാശ് അംബേദ്കർ. മഹാരാഷ്ട്രയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സമാനമനസ്‌കരായ മതേതര പാർട്ടികളെ ഉൾപ്പെടുത്തി മഹാസഖ്യം വികസിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്‍ലിം ലീഗ് മഹാരാഷ്ട്ര പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ റഹ്മാൻ, ട്രഷറർ സി.എച്ച്. ഇബ്രാഹിം കുട്ടി പേരാമ്പ്ര, വഞ്ചിത് ബഹുജൻ അഗാഡി മുംബൈ പ്രസിഡന്റ് അബുൽ ഹസ്സൻ, മുസ്‌ലിം ലീഗ് മുംബൈ പ്രസിഡന്റ് അബ്ദുൽ ഹമീദ് സാഹിൽ, കെ.എം.സി.സി മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ, വി.എ. കാദർ ഹാജി, മഹേന്ദ്ര റോകഡേ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.