ഗുവാഹത്തി: കസ്റ്റഡി മരണം ആരോപിച്ച് അസമിലെ നാഗോൺ ജില്ലയിൽ ജനക്കൂട്ടം പൊലീസ് സ്‌റ്റേഷന് തീയിട്ടതിന് പിന്നാലെ ആക്രമണത്തിൽ ഏർപ്പെട്ടെന്നാരോപിക്കുന്ന മൂന്ന് പേരുടെ വീടുകൾ അസം പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വീടുകൾ പൊളിച്ചതെന്ന് സർക്കാർ വിശദീകരിച്ചു.
പൊലീസ് സ്റ്റേഷന് നേരെ നടന്ന അക്രമം പ്രതിഷേധത്തിന്‍റെ ഭാഗമായി നടന്നതല്ലെന്നും മറിച്ച് കേസിന്‍റെ രേഖകൾ നശിപ്പിക്കുന്നതിന് വേണ്ടി നടന്ന ക്രിമിനൽ ഗൂഡാലോചനയുടെ ഭാഗമാണെന്നും സംസ്ഥാന പൊലീസ് മേധാവി ഭാസ്‌കർ ജ്യോതി മഹന്ത പറഞ്ഞു. അസമിൽ ഇന്നലെ നടന്ന അക്രമത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 21 പേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തത്.
കൈക്കൂലി നൽകാൻ കഴിയാതെ വന്നപ്പോൾ മത്സ്യ വിൽപ്പനക്കാരനായ സഫീഖുൽ ഇസ്‌ലാമിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച് കൊന്നുവെന്നാണ് ആരോപണം. എന്നാൽ പരസ്യമായി മദ്യപിക്കുന്നതായി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സഫീഖുൽ ഇസ്‌ലാമിനെ കസ്റ്റഡിയിലെടുത്തതെന്ന് മഹന്ത ട്വീറ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് ശേഷം അദ്ദേഹത്തെ പറഞ്ഞ് വിട്ടെന്നും പിന്നീട് അസുഖം ബാധിച്ച് സഫീഖുൽ ഇസ്‌ലാം മരിച്ചെന്നും മഹന്ത കൂട്ടിച്ചേർത്തു.
അസം പൊലീസ് ഈ മരണത്തെ ഗൗരവമായാണ് കാണുന്നത്. സംഭവത്തിൽ പൊലീസ് സ്റ്റേഷന്‍റെ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മരണത്തിൽ എന്തെങ്കിലും തെറ്റ് നടന്നതായി കണ്ടെത്തിയാൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും- മഹന്ത പറഞ്ഞു. സ്റ്റേഷനിൽ നിന്നും വിട്ടയക്കാൻ 10,000 രൂപയും ഒരു താറാവും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിനെ തുടർന്ന് സഫീഖുൽ ഇസ്‌ലാമിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നുമാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.