ന്യൂഡൽഹി: വംശീയ വിദ്വേഷത്തിന്റെ കലാപത്തീക്ക് തുടക്കമിട്ട മേയ് മൂന്നിന് രാത്രിയിൽ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ കലാപകാരികൾ തീകൊളുത്തിയ ബംഗ്ലാവുകളിൽനിന്നിറങ്ങി വന്ന് ജീവൻ രക്ഷിക്കണമെന്ന് കെഞ്ചിയ തങ്ങളെ തെരുവിലൂടെ പട്ടികളെപ്പോലെ പിന്തുടർന്ന് ഓടിച്ചുവെന്ന് മണിപ്പൂർ ഗോത്രവർഗ കമീഷൻ അംഗം ഡോ. താര മഞ്ചിൻ ഹാങ്സോ. ഇംഫാൽ വെസ്റ്റിൽ കോടികൾ ചെലവിട്ട് പണിത നാല് ബംഗ്ലാവുകളിലായി ആഡംബര ജീവിതം നയിച്ച തനിക്കും സഹോദരങ്ങൾക്കും പാർപ്പിടം മാത്രമല്ല, സംസ്ഥാനം തന്നെയും നഷ്ടമായെന്നും കലാപ ഭൂമിയിൽനിന്ന് എല്ലാം ഉപേക്ഷിച്ച് ഡൽഹിയിൽ അഭയം തേടിയ താര ‘മാധ്യമ’ത്തോട് പറഞ്ഞു.
മണിപ്പൂർ ഗോത്രവർഗ കമീഷൻ ചെയർപേഴ്സൺ ആയും നേരത്തെ സേവനമനുഷ്ഠിച്ച ഡോ. താര കലാപം അടങ്ങുന്നില്ലെന്നും മണിപ്പൂർ സുരക്ഷിതമല്ലെന്നും കണ്ടതോടെയാണ് മേയ് ആറിന് ഡൽഹിയിലേക്ക് വന്നത്. മേയ് മൂന്നിന് രാത്രി ഒമ്പതുമണിയോടെ കലാപകാരികൾ ഗോത്രവർഗക്കാരുടെ വീടുകൾ തെരഞ്ഞുപിടിച്ച് തീവെക്കാനെത്തുമ്പോൾ ഇംഫാൽ വെസ്റ്റിലെ കുടുംബ ബംഗ്ലാവുകളിലൊന്നിലായിരുന്നു താനെന്ന് ഡോ. താര പറഞ്ഞു. ഒരു വളപ്പിൽ നാല് ബംഗ്ലാവുകളാണുണ്ടായിരുന്നത്. ഇവക്കും അഞ്ച് കാറുകൾക്കും അവർ തീയിട്ടു.
ജീവൻ രക്ഷിക്കാനായി റോഡിലേക്കിറങ്ങി വന്ന് അവരോട് കെഞ്ചിനോക്കി. എന്നാൽ, മനുഷ്യരെന്ന പരിഗണന നൽകാതെ ആ രാത്രി അവർ ഞങ്ങളെ ഓടിച്ചു. ഓടിയപ്പോൾ അവരും പിന്നാലെ വന്നു. ഒരുമിച്ചു കഴിഞ്ഞ മനുഷ്യർക്കുള്ളിലെ വിദ്വേഷത്തിന്റെ വ്യാപ്തി എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കിയ രാത്രിയായിരുന്നു അത്. രണ്ട് രാവും പകലും നീണ്ട ഓട്ടത്തിനൊടുവിലാണ് ഡൽഹിക്ക് പോരാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു. ആഡംബര ജീവിതം നയിച്ച തങ്ങൾ ഇന്ന് പാർപ്പിടം മാത്രമല്ല, സംസ്ഥാനവും നഷ്ടപ്പെട്ടവരായി. താമസിച്ച കോളനിയിലുണ്ടായിരുന്ന രണ്ട് ചർച്ചുകളും കത്തിച്ചു. അതേസമയം ബിഹാറിൽനിന്ന് മണിപ്പൂരിലേക്ക് കുടിയേറിയ, കോളനിയിൽതന്നെയുള്ള സുഹൃദ്ബന്ധമുള്ള ഹിന്ദുകുടുംബങ്ങൾ പറഞ്ഞത് അവരുടെ വീടുകൾക്കും ക്ഷേത്രങ്ങൾക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നാണെന്നും താര പറഞ്ഞു.
ഗോത്രവർഗക്കാരും മെയ്തേയികളും പൂർണമായും വിഭജനം സംഭവിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് മണിപ്പൂർ ട്രൈബൽ ഫോറം വക്താവ് ഡോ. ചിൻഖൻലുൻ ഗ്വിറ്റ് പറഞ്ഞു. ഇത് കേവലം വംശീയമായ ഏറ്റുമുട്ടലല്ല, മറിച്ച് വിദ്വേഷത്തിൽനിന്നും അസൂയയിൽനിന്നുമുടലെടുത്ത ആക്രമണങ്ങളാണ്. കലാപം പടർന്നുപിടിച്ചതോടെ ഗോത്രവർഗക്കാരും ആയുധമെടുത്തു. രണ്ടു ഭാഗത്തും വൻതോതിലുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തി അറിയണമെങ്കിൽ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങണം.
സ്ത്രീകളിൽപോലും വിദ്വേഷം എന്തുമാത്രം കുത്തിനിറക്കപ്പെട്ടുവെന്ന് കാണിക്കാൻ മണിപ്പൂരിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് വൈറലായ വിഡിയോയിലേക്ക് ചിൻഖൻലുൻ ശ്രദ്ധ ക്ഷണിച്ചു.
രണ്ട് ഗോത്രവർഗക്കാരായ സ്ത്രീകളെ വളഞ്ഞ ഒരു കൂട്ടം മെയ്തേയ് സ്ത്രീകൾ അവരിരുവരെയും ബലാത്സംഗം ചെയ്യാൻ സ്വന്തം സമുദായത്തിലെ പുരുഷന്മാരോട് ആവശ്യപ്പെടുന്ന വിഡിയോ ആയിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.