ന്യൂഡൽഹി: ഒരു വർഗീയ കലാപത്തിൽ ‘ജയ് ശ്രീറാം’ മുഴക്കി കലാപവും നാശനഷ്ടവുമുണ്ടാക്കിയ ആൾക്കൂട്ടം മുസ്ലിം സമുദായത്തിൽനിന്നാണെന്ന് കരുതാൻ വളരെ ബുദ്ധിമുട്ടാണെന്ന് കോടതി. ഇക്കാര്യം വ്യക്തമാക്കി വടക്കു കിഴക്കൻ ഡൽഹി വംശീയാതിക്രമ കേസിൽ മുസ്ലിം വ്യാപാരിയുടെ സ്ഥാപനം കത്തിച്ച കേസിൽ പൊലീസ് പ്രതികളാക്കിയ മൂന്ന് മുസ്ലിം യുവാക്കളെ ഡൽഹി കോടതി വെറുതെ വിട്ടു.
ബന്ധമില്ലാത്ത 27 പരാതികൾ കൂട്ടിക്കെട്ടി ഒരു കേസാക്കി വിചാരണ നടത്തിയ ഡൽഹി പൊലീസിന്റെ നടപടി തള്ളിയ കോടതി മറ്റു 26 പരാതികളിലും പുനരന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു.
വടക്കു കിഴക്കൻ ഡൽഹിയിലെ പൗരത്വ സമരത്തിന് നേരെ നടന്ന ഡൽഹി വംശീയാതിക്രമത്തിൽ കരാവൽ നഗർ റോഡിൽ ചന്ദു നഗറിൽ ദാനിഷ് എന്ന മുസ്ലിം വ്യാപാരിയുടെ കൊറിയർ സർവിസ് ഓഫിസ് കൊള്ളയടിച്ച് തീവെച്ചുവെന്ന് ഡൽഹി പൊലീസ് ആരോപിച്ച ആകിൽ അഹ്മദ്, റഹീസ് ഖാൻ, ഇർശാദ് എന്നിവരെയാണ് അഡീഷനൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമചല വെറുതെ വിട്ടത്.
തന്റെ കൊറിയർ സർവിസ് ഓഫിസ് കൊള്ളയടിച്ച് തീവെച്ചത് മൂലം ഏഴ് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ദാനിഷ് ഡൽഹി പൊലീസിന് നൽകിയ പരാതി. എന്നാൽ ദയാൽപുർ പൊലീസ് സ്റ്റേഷൻ ദാനിഷിന്റെ ഈ പരാതിക്കൊപ്പം മറ്റു പരാതികൾകൂടി കൂട്ടിക്കെട്ടി. ഒരേ സമയത്ത് ഒരേ സ്ഥലത്ത് നടന്ന സംഭവങ്ങൾ എന്ന ന്യായത്തിലായിരുന്നു ഡൽഹി പൊലീസിന്റെ നടപടി.
കലാപവുമായി ബന്ധപ്പെട്ട 27 അക്രമസംഭവങ്ങളുടെ പരാതികളാണ് ദാനിഷിന്റെ പരാതിയുമായി കൂട്ടിക്കെട്ടി ഒരൊറ്റ കേസാക്കി മാറ്റിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതികളുടെ ക്രമനമ്പർപോലും തെറ്റിയത് കോടതി ചൂണ്ടിക്കാട്ടി.
14ാം പരാതിക്ക് ശേഷം 16ാം പരാതിയാണ് കാണിക്കുന്നത്. മാത്രമല്ല, 27 പരാതികളുണ്ടെന്ന് പറയുന്ന ഉദ്യോഗസ്ഥൻ 23 പരാതികളേ കാണിച്ചിട്ടുള്ളൂ. ഇത്രയും പരാതികൾ ഒന്നാക്കിയിട്ടും ദാനിഷിന്റെ പരാതിയിൽ മാത്രമേ പൊലീസ് കുറ്റപത്രം നൽകിയിട്ടുള്ളൂ എന്ന് കോടതി കുറ്റപ്പെടുത്തി.
ദാനിഷിന്റെ പരാതിക്കൊപ്പം കൂട്ടിക്കെട്ടിയ പരാതികളിലൊന്നിൽ കലാപകാരികൾ ജയ് ശ്രീറാം മുഴക്കിയെന്ന് പറയുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. ഷാനവാസ് എന്നയാൾ നൽകിയ പരാതിയിൽ ഭുല്ലു, ലാല എന്നിവർ അക്രമം നടത്തിയ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്.
എന്നാൽ, ഇതേ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രത്തിൽ ഒന്നും പറഞ്ഞില്ല. ‘ജയ് ശ്രീറാം’ മുഴക്കി കലാപവും നാശനഷ്ടവുമുണ്ടാക്കി അക്രമങ്ങളും നടത്തിയ ആൾക്കൂട്ടം മുസ്ലിം സമൂഹത്തിൽനിന്നാണെന്ന് കരുതാൻ വളരെ ബുദ്ധിമുട്ടാണ്. നടന്നത് ഒരു വർഗീയ കലാപമാണ് എന്ന് പ്രോസിക്യൂഷൻ ഉയർത്തിക്കാണിക്കുന്നതുകൊണ്ട് കൂടിയാണ് കോടതിക്ക് ഇങ്ങനെ പറയേണ്ടിവന്നതെന്നും ജഡ്ജി വിധിയിൽ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.