പഹൽഗാം: ജമ്മു കശ്മീരിൽ ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഏഴ് ഇന്തോ-ടിബത്തൻ ബോർഡർ പൊലീസിലെ അംഗങ്ങളാണ് മരിച്ചത്.
പരിക്കേറ്റവരെ വ്യോമമാർഗം ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിലെ ഫ്രിസ് ലനിലാണ് സംഭവം. 39 സേനാംഗങ്ങളാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 37 പേർ ഇന്തോ-ടിബത്തൻ ബോർഡർ പൊലീസിലെയും രണ്ട് പേർ ജമ്മു കശ്മീർ പൊലീസിലെയും അംഗങ്ങളായിരുന്നു.
അമർനാഥ് യാത്രക്ക് സുരക്ഷ ഒരുക്കാൻ നിയോഗിച്ച ജവന്മാരാണ് അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടി പൂർത്തിയാക്കി മടങ്ങുകയായിരുന്നു സംഘം. ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോവുകയായിരുന്ന ബസ് റോഡിന്‍റെ വശത്ത് നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് നദി തീരത്ത് പതിക്കുകയായിരുന്നു.
ഏഴ് ജവാന്മാർ മരിച്ചതായും 29 പേർക്ക് പരിക്കേറ്റതായും ഐ.ടി.ബി.പി. പി.ആർ.ഒ അറിയിച്ചു. പരിക്കേറ്റവർക്ക് മികിച്ച ചികിത്സ ലഭ്യമാക്കും. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. അമർനാഥ് യാത്ര ഡ്യൂട്ടി കഴിഞ്ഞ വരികയായിരുന്നു ജവാന്മാർ. മരണപ്പെട്ടവരുടെ കുടുംബത്തിന് എല്ലാവിധ സഹായവും ചെയ്യുമെന്നും പി.ആർ.ഒ കൂട്ടിച്ചേർത്തു.
ജവാന്മാരുടെ മരണത്തിൽ ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച ഗവർണർ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിച്ചു. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്തുവരുന്നതായും ഗവർണർ അറിയിച്ചു.
കഴിഞ്ഞ ജൂൺ 29നാണ് അമർനാഥ് യാത്ര ആരംഭിച്ചത്. അന്ന് മുതൽ സി.ആർ.പി.എഫിന്‍റെ നേതൃത്വത്തിൽ അതീവ സുരക്ഷയാണ് കശ്മീരിൽ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.