ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ശിവസേനാ തർക്കത്തിന്റെ സുപ്രീംകോടതിയിലെ അവസാന വിചാരണ വേളയിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും ഉദ്ധവ് താക്കറെ സർക്കാർ നടപ്പാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഏക്നാഥ് ഷിൻഡെ സർക്കാറിനെ അംഗീകരിച്ച ഗവർണറുടെ നടപടി ശരിയല്ലെന്ന ഉദ്ധവ് വിഭാഗം അഭിഭാഷകൻ കപിൽ സിബലിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.
ലജിസ്ലേച്ചർ പാർട്ടിയും പൊളിറ്റിക്കൽ പാർട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കപിൽ സിബൽ കോടതിയിൽ പറഞ്ഞു. സഭക്കുള്ളിലും പുറത്തും സാമാജികരുടെ താത്പര്യങ്ങൾ പൊളിറ്റിക്കൽ പാർട്ടിയുടെ പ്രവർത്തനങ്ങൾക്കനുസരിച്ചായിരിക്കും. ഭിന്നാഭിപ്രായം സഭക്ക് പുറത്തകാം. എന്നാൽ സഭക്കുള്ളിൽ അതിന് സ്ഥാനമില്ല. -കപിൽ സിബൽ വ്യക്തമാക്കി.
ഗവർണർ മുഖ്യമന്ത്രിയെ നിയമിക്കുമ്പോൾ ഗ്രൂപ്പുകൾക്ക് സ്ഥാനമില്ല. ശിവ സേന പൂർണമായും ബി.ജെ.പിയിലേക്ക് പോയിരുന്നെങ്കിൽ, ഗവർണർക്ക് വിശ്വാസവോട്ട് തേടാം. എന്നാൽ ഒരു വിഭാഗത്തിന്റെ ഭരണഘടനാവിരുദ്ധ നടപടികൾക്ക് അംഗീകാരം നൽകുന്നതായി ഗവർണറുടെ നടപടി, അവർക്ക് സർക്കാറുണ്ടാക്കാൻ അവസരം നൽകുന്നതായി - കപിൽ സിബൽ ആരോപിച്ചു. വിമതർക്ക് സർക്കാറിൽ വിശ്വാസമില്ലെങ്കിൽ അവർ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു വേണ്ടിയിരുന്നത്. അത് ചെയ്യാതെ, മറ്റൊരാളെ മുഖ്യമന്ത്രിയാക്കാൻ നടത്തിയ നീക്കമാണിതെന്ന് സിബൽ ആരോപിച്ചു.
ഈ സമയം, സഭക്ക് സർക്കാറിൽ വിശ്വാസമുണ്ടായിരിക്കണം എന്നതാണ് പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സഭയിൽ വിശ്വാസവോട്ട് തേടാതെ രാജിവെച്ച സർക്കാറിനെ എങ്ങനെയാണ് വീണ്ടും തിരിച്ചെത്തിക്കുക എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.